ന്യൂജഴ്സി: ലോകകപ്പ് കിരീടമെന്ന സ്വപ്നം വീണ്ടും കൈവിട്ടതിനു പിന്നാലെ ബ്രസീൽ ആരാധകരെ വേദനിപ്പിച്ച മറ്റൊരു പ്രഖ്യാപനവും എത്തി. നോർവേയോട് 2-1ന് പ്രീക്വാർട്ടറിൽ തോറ്റ് ടൂർണമെന്റിൽനിന്ന് പുറത്തായതിന് പിന്നാലെ ബ്രസീലിയൻ സൂപ്പർതാരം നെയ്മാർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നെയ്മാർ തന്റെ തീരുമാനം അറിയിച്ചത്. “എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു. എന്റെ രാജ്യത്തിനായി പരമാവധി പോരാടി. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തുടങ്ങിയ ഈ യാത്ര ഇവിടെവെച്ചാണ് അവസാനിപ്പിക്കുന്നത്. ഇനി എല്ലാം അവസാനിച്ചു,” എന്നായിരുന്നു താരത്തിന്റെ വികാരനിർഭരമായ പ്രതികരണം.
ബ്രസീൽ ദേശീയ ടീമിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയ നെയ്മാർ, രാജ്യത്തിന്റെ പുരുഷ ടീമിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡോടെയാണ് കരിയറിന് വിരാമമിടുന്നത്. 2010ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച അദ്ദേഹം നാല് ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ചു.
ഒളിംപിക് വേദിയിലും നെയ്മാറിന്റെ സംഭാവന ശ്രദ്ധേയമായിരുന്നു. 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ താരം, 2016 റിയോ ഒളിംപിക്സിൽ ബ്രസീലിനെ ചരിത്രത്തിലെ ആദ്യ ഫുട്ബോൾ സ്വർണമെഡലിലേക്ക് നയിച്ച നായകനുമായിരുന്നു.
2026 ലോകകപ്പിൽ പരുക്കിൽനിന്ന് മടങ്ങിയെത്തിയ നെയ്മാർ രണ്ട് മത്സരങ്ങളിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെയും പ്രീക്വാർട്ടറിൽ നോർവേയ്‌ക്കെതിരെയും രണ്ടാം പകുതിയിൽ അവസരം ലഭിച്ചു. നോർവേയ്‌ക്കെതിരായ മത്സരത്തിൽ ഇൻജുറി ടൈമിൽ പെനൽറ്റിയിലൂടെ ടൂർണമെന്റിലെ തന്റെ ഏക ഗോൾ നേടാനും അദ്ദേഹത്തിനായി.
2023 ഒക്ടോബറിൽ ഏറ്റ ഗുരുതര പരിക്കിന് ശേഷം ലോകകപ്പ് വേദിയിലൂടെയായിരുന്നു നെയ്മാറിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്. എന്നാൽ ആ തിരിച്ചുവരവ് തന്നെയാണ് അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറിന്റെ അവസാന അധ്യായമായതും.
