കേരളത്തിൽ മഴക്കെടുതി രൂക്ഷം; 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 41,773 പേർ ദുരിതാശ്വാസ ക്യാംപുകളിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം ശക്തമാക്കി സർക്കാർ. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിലും പ്രദേശങ്ങളിലും ജില്ലാ ഭരണകൂടങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണം. മലയോര മേഖലകളിലേക്കും നദീതീരങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അവധി.

440 ദുരിതാശ്വാസ ക്യാംപുകളിൽ 41,773 പേർ

മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 440 ദുരിതാശ്വാസ ക്യാംപുകളിലായി 41,773 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 133, ആലപ്പുഴയിൽ 127, കോട്ടയത്ത് 139, ഇടുക്കിയിൽ 17, എറണാകുളത്ത് ഒന്ന്, തൃശൂരിൽ അഞ്ച്, മലപ്പുറത്ത് അഞ്ച്, കോഴിക്കോട്ട് അഞ്ച്, വയനാട്ടിൽ നാല്, കണ്ണൂരിൽ രണ്ട്, കാസർകോട് രണ്ട് ക്യാംപുകളാണുള്ളത്.

മഴക്കെടുതിയിൽ ഇതുവരെ 28 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മൂന്ന്, കൊല്ലം ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, ഇടുക്കി രണ്ട്, പാലക്കാട് ഒന്ന്, മലപ്പുറം നാല്, കോഴിക്കോട് രണ്ട്, കണ്ണൂർ നാല് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. നാലുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

834 വീടുകൾ തകർന്നു

സംസ്ഥാനത്ത് 70 വീടുകൾ പൂർണമായും 764 വീടുകൾ ഭാഗികമായും തകർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ശക്തമായ മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

36,829 കർഷകർക്ക് ദുരിതം; 99.29 കോടിയുടെ വിളനാശം

മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ 36,829 കർഷകരെ ബാധിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. 3,264 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചു. ഇതുവരെ കണക്കാക്കിയ വിളനാശം 99.29 കോടി രൂപ വരും.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനോട് 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

10 ജില്ലകളിൽ യെലോ അലർട്ട്

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!