നടുറോഡിൽ കാർ നിർത്തി പിറന്നാൾ ആഘോഷം; എയർഗൺ ഉപയോഗിച്ച് വെടിവയ്പ്പ്; 10 പേർ അറസ്റ്റിൽ

മുംബൈ: പൊതുവഴിയിൽ കാർ നിർത്തിയിട്ട് പിറന്നാൾ ആഘോഷിക്കുകയും എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ 10 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബോറിവലിയിലെ ഗൊരായ് 2 മേഖലയിലാണ് സംഭവം.

ഓഗസ്റ്റ് 5ന് അർധരാത്രിയോടെ ഘർകുൽ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിക്ക് സമീപം റോഡിന് നടുവിൽ കാർ നിർത്തിയായിരുന്നു യുവാക്കളുടെ സംഘം പിറന്നാൾ ആഘോഷിച്ചത്. കാറിന്റെ ബോണറ്റിന് മുകളിൽ നിരവധി കേക്കുകൾ നിരത്തിയ ശേഷമാണ് പിറന്നാൾ ആഘോഷിച്ച യുവാവ് കേക്ക് മുറിച്ചത്. ഇതിനിടെ സംഘത്തിലുണ്ടായിരുന്നവർ ഉച്ചത്തിൽ ബഹളം വയ്ക്കുകയും റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

അർധരാത്രിയിലെ ആഘോഷം പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതിനുപിന്നാലെയാണ് സംഭവത്തിൽ കൂടുതൽ വിവാദമായ സംഭവം അരങ്ങേറിയത്. സംഘത്തിലൊരാൾ കൈവശമുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. പെല്ലറ്റുകൾ ഉപയോഗിക്കുന്ന എയർഗണ്ണിൽ നിന്നുള്ള വെടിയൊച്ച കേട്ട് പ്രദേശത്ത് പരിഭ്രാന്തി പടർന്നു.

ജതിൻ ശർമയാണ് എയർഗൺ ആഘോഷ സ്ഥലത്ത് എത്തിച്ചത് എന്നാണ് ബോറിവലി പൊലീസ് പറയുന്നത്. വിജേഷ് ഉപാധ്യായയാണ് തോക്ക് ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് ഗുപ്ത, ജതിൻ ശർമ, വിജേഷ് ഉപാധ്യായ എന്നിവരുൾപ്പെടെ 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ക്രിമിനൽ ലോ ഭേദഗതി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാ ണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!