കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂട്ടിട്ട് യുഎഇ; 15 വയസ്സിൽ താഴെയുള്ളവർക്ക് കർശന വിലക്ക്

ദുബായ് : കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന വിലക്കേർപ്പെടുത്തി യുഎഇ. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് യുഎഇ ക്യാബിനറ്റ് നിർണായക പ്രമേയം പാസാക്കി. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കേർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല. പുതിയ പ്രമേയത്തിൽ മന്ത്രിസഭ വ്യക്തമാക്കുന്നു.

കുട്ടികൾക്ക് സ്വന്തം പേരിലോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ വഴിയോ സോഷ്യൽ മീഡിയയുടെ പൂർണ്ണ സവിശേഷതകൾ ആക്‌സസ് ചെയ്യാൻ സാധിക്കില്ല. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ സമ്മതം നൽകിയാലും അതിന് നിയമപരമായ യാതൊരുവിധ ഇളവുകളും ഉണ്ടായിരിക്കുന്നതല്ല. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, ഈ പുതിയ മാനദണ്ഡങ്ങൾ ക്രമേണ നടപ്പിലാക്കുന്നതിനായി യുഎഇയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024-ൽ നടത്തിയ ഒരു സർവേ പ്രകാരം, യുഎഇയിലെ കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദിവസവും ശരാശരി മൂന്ന് മണിക്കൂറോളം ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു.

കുട്ടികൾക്കിടയിൽ നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ഉപയോഗം വലിയ രീതിയിലുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അക്കാദമിക് രംഗത്തെ പിന്നാക്കാവസ്ഥ, ചില കുട്ടികളിൽ സംസാര വൈകൽ (Speech Delay) എന്നിവ ഉൾപ്പെടെയുള്ള വലിയ വെല്ലുവിളികളാണ് ഇത് സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് യുഎഇ ക്യാബിനറ്റിന്റെ നിർണായക ഇടപെടൽ. നേരത്തെ യുണൈറ്റഡ് കിംഗ്ഡം (UK), ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും 15 വയസ്സിന് താഴെയുള്ള കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സമാനമായ രീതിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ ആഗോള നിരയിലേക്കാണ് ഇപ്പോൾ യുഎഇയും എത്തിച്ചേർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!