ടെൽഅവീവ്: ഇസ്രയേലിലെ ഇന്ത്യൻ പൗരർക്കായി ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ഇന്ത്യ. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ എംബസ്സിയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരരോട് നിർദേശിച്ചിട്ടുണ്ട്.
“മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ജാഗ്രത പാലിക്കാനും ഇസ്രയേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കാനും നിർദേശിക്കുന്നു.
ഇസ്രയേലിലേക്കുള്ള എല്ലാ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ 24×7 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം: ടെലിഫോൺ: +972-54-7520711; +972-54-3278392,” വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിൽ പറഞ്ഞു.
ഇറാനിൽ വ്യാപകപ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനിൽ യുഎസ് ഇടപെടലിനും സൈനിക നടപടികൾക്കും സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിനിടയിൽ, ഈ മേഖലയിൽ ഇറാന്റെ പ്രധാന എതിരാളിയായ ഇസ്രയേലിലും ആശങ്കകളുണ്ട്. അതേസമയം ദക്ഷിണ, മധ്യ ഇസ്രയേലിലെ നിരവധി പ്രദേശങ്ങളിൽ പൊതു ഷെൽട്ടറുകൾ തുറക്കാൻ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രതിസന്ധി ഘട്ടം കണക്കിലെടുത്ത് ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കെയാണ് ഈ മുന്നറിയിപ്പ് വരുന്നത്. ഇറാനിലെ ഇന്ത്യൻ എംബസി ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ബുധനാഴ്ച സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
