ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്തോ! ഗുരുതര പിഴവുമായി കേരള പി.എസ്.സി.യുടെ ഔദ്യോഗിക ബുള്ളറ്റിൻ

തിരുവനന്തപുരം: കേരള പി.എസ്.സി.യുടെ ഔദ്യോഗിക ബുള്ളറ്റിനിൽ ഗുരുതരമായ പിഴവ്. 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിക്കു പകരം ഷുഹൈബ് വധക്കേസിലെ പ്രതിയും മുൻ സി.പി.എം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിച്ചതാണ് വിവാദമായിരിക്കുന്നത്.

മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി. ബുള്ളറ്റിന്റെ സമകാലികം വിഭാഗത്തിലാണ് തെറ്റ് സംഭവിച്ചത്. ഉണ്ണി കെ.ആർ. സംവിധാനം ചെയ്‌ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് മികച്ച തിരക്കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പി.എസ്.സി. ഇതുവരെ തിരുത്തൽ പ്രസിദ്ധീകരിച്ചിട്ടില്ല. ജൂൺ 1-നും 15-നും പുറത്തിറങ്ങിയ തുടർ ബുള്ളറ്റിനുകളിലും പിഴവ് സംബന്ധിച്ച വിശദീകരണമോ ഖേദപ്രകടനമോ ഉണ്ടായില്ല. പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പഠനസഹായ പ്രസിദ്ധീകരണമായതിനാൽ വിഷയത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്.

ബുള്ളറ്റിനിലെ ഈ വീഴ്ച സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം വീണ്ടും ഉയർത്തിക്കാട്ടുന്നതെന്ന് വിമർശനം ഉയരുന്നു. തെറ്റ് പറ്റിയെന്ന് പി എസ് സി സമ്മതിച്ചതായാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!