തൃശൂർ ആകാശപ്പാത പൂർത്തിയായി; ഉദ്ഘാടനം 27ന്

തൃശൂർ : നഗരത്തിൽ ശക്തൻ നഗറിൽ പണിത ആകാശപ്പാത മന്ത്രി എം ബി രാജേഷ് 27 ന് ഉത്ഘാടനം നിര്‍വഹിക്കും.
ഉദ്ഘാടനത്തിനൊരുങ്ങിയ ശീതീകരിച്ച ആകാശപ്പാത പരീക്ഷണാടിസ്ഥാനത്തില്‍ ഓണ നാളുകളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.

ആകാശപ്പാതയുടെ ലിഫ്റ്റിലൂടെ വയോധികരടക്കമുള്ള ആയിരങ്ങള്‍ കടന്നുപോയി. നിരവധിപേര്‍ ചവിട്ടുപടികള്‍ കയറിയും ആകാശപ്പാതയിലൂടെ കടന്നുപോയി. 2018ല്‍ ഭരണാനുമതി കിട്ടി 2019 ഒക്ടോബറില്‍ നിർമാണ പ്രവൃത്തികള്‍ ആരംഭിച്ച പദ്ധതിയാണ് ഇത്.

കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി ചെലവഴിച്ചാണു തൃശൂര്‍ റൗണ്ട് മോഡലില്‍ വൃത്താകൃതിയില്‍ ആകാശപ്പാത നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആകാശപ്പാത തുറന്നുകൊടുത്തിരുന്നെങ്കിലും എ സി സ്ഥാപിക്കുന്നതിനടക്കമുള്ള ജോലികള്‍ക്കായി വീണ്ടും അടയ്ക്കുകയായിരുന്നു.

ഉദ്ഘാടനത്തിനുശേഷം രാത്രി പത്തരവരെ ആകാശപ്പാതയില്‍ പ്രവേശനം അനുവദിക്കും.
ആകാശപ്പാതയ്ക്കുള്ളിലും ചുറ്റുപാടുകളിലുമായി ഇരുപതോളം സിസിടിവി ക്യാമറകള്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!