വടക്കാഞ്ചേരി : സ്വകാര്യബസില്‍ കയറാന്‍ കണ്ടക്ടറോട് യാചിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. നാല് വിദ്യാര്‍ത്ഥികളെ മാത്രം ബസില്‍ കയറ്റി യാത്ര ആരംഭിക്കുകയും മറ്റു വിദ്യാര്‍ത്ഥികള്‍ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാന്‍ വിസമ്മതിക്കുകയുമായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിലെ പ്രതികാരമാണ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാണിക്കുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിക്കെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. വടക്കാഞ്ചേരി സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതുന്നില്ലെന്നും സൗജന്യം നല്‍കുന്ന സര്‍ക്കാര്‍ അങ്ങനെ നല്‍കുമ്പോഴും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നിയമനിര്‍മാണവും, അതിന്റെ പാലനവും ഉറപ്പാക്കണം എന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടഫി പി എസ് സഞ്ജീവ് പറഞ്ഞു.
കണ്ടക്ടറിൽ നിന്നും വിശദീകരണം വാങ്ങി ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.
