രാജാക്കാട് : ലക്ഷങ്ങൾ മുടക്കി ബ്ലോക്ക് പഞ്ചായത്ത് പണി കഴിച്ച ആധുനികരീതിയിലുള്ള ബഹുനില മന്ദിരം മാലിന്യകൂമ്പാരമാക്കി വൃത്തികേടാക്കിയ ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
സേനാപതി ഗ്രാമ പഞ്ചായത്തിലെ മാങ്ങാത്തൊട്ടിയിലാണ് വിവാദ സംഭവം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി 2020 സെപ്തംബറിൽ പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയതാണ് ഈ ബഹുനില കെട്ടിടം. മാങ്ങാത്തൊട്ടിയിലെ ഒരു ട്രസ്റ്റിൻ്റെ ഭൂമി ബ്ലോക്ക് പഞ്ചായത്തിന് വിട്ടു നൽകിയാണ് ഇവിടെ കെട്ടിട സമുച്ചയം യാഥാർത്ഥ്യമാക്കിയത്.

വനിതകൾക്കായുള്ള കാർഷിക വിപണന കേന്ദ്രം ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കു വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. അതിനാൽ തന്നെ തറയുൾപ്പെടെ ടൈൽ വിരിച്ച് ശുചിമുറികളും മറ്റ് ഭൗതികസൗകര്യങ്ങളും ഇതിൽ ഒരുക്കിയിരുന്നു. എന്നാൽ കെട്ടിടത്തിൻ്റെ ഓരോ മുറികളും ശുചിമുറിയും മാലിന്യങ്ങൾ കുത്തി നിറച്ചിരിക്കുകയാണ് സേനാപതി ഗ്രാമ പഞ്ചായത്ത്. കെട്ടിടത്തിൻ്റെ മുറികളിൽ മാത്രമല്ല പരിസരത്തും മാലിന്യ ചാക്കുകൾ കൂട്ടിയിടുന്നതിനും പഞ്ചായത്തധികൃതർ മടി കാണിച്ചില്ല.
രാത്രികാലങ്ങളിൽ മയക്കുമരുന്നുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ പ്രവർത്തനങ്ങൾക്കും അനാശ്യാസ പ്രവൃത്തികൾക്കും വേദിയായിരിക്കുകയാണ് മൂന്ന് നിലകളിൽ പടുത്തുയർത്തിയ ഈ കെട്ടിടം. പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി തള്ളുന്നതും ഇവിടെയാണ്.
കെട്ടിടത്തിൽ നിന്നും മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ നിരവധി തവണ സേനാപതി ഗ്രാമ പഞ്ചായത്തിന് കത്ത് നൽകിയെങ്കിലും അവഗണനയായിരുന്നു ഫലം. നിരവധി സംരംഭകർ ഈ കെട്ടിടംവാടക കൊടുത്തെടുക്കാനും തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും മുന്നോട്ട് വന്നെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശിയിൽ അതെല്ലാം അസ്തമിക്കുകയാണുണ്ടായത്.
പൊതുജനങ്ങളുടെ നികുതിപ്പണം മുടക്കി നിർമ്മിച്ച ഈ കെട്ടിടവും പരിസരവും പൊതുസ്ഥലം എന്ന വകഭേതത്തിൽപ്പെടു ന്നതാണ്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴയടപ്പിക്കുന്നതിന് ഉത്തരവാദപ്പെട്ടവർ തന്നെയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്.