തുർക്കിക്ക് ഇന്ത്യയുടെ കനത്ത മറുപടി; 500 മില്യൺ ഡോളറിന്റെ ബിസിനസ് ഒറ്റയടിക്ക് നഷ്ടമായി…

അങ്കാറ: ഇന്ത്യ–പാകിസ്താൻ സംഘർഷത്തിനിടെ പാകിസ്താനെ പിന്തുണച്ച തുർക്കിക്ക് സാമ്പത്തികമായും വ്യാപാരപരമായും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

തുർക്കിയിലെ പ്രമുഖ വ്യോമയാന സേവന കമ്പനിയായ സെലിബി ഏവിയേഷന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൂട്ടിടുകയായിരുന്നു. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ വളർത്തിയെടുത്ത ഏകദേശം 500 മില്യൺ ഡോളർ മൂല്യമുള്ള വിപണി കമ്പനിക്ക് നഷ്ടമായതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ തുർക്കി പാകിസ്താനെ പിന്തുണച്ചിരുന്നു. പാകിസ്താനിലേക്ക് ഡ്രോണുകളും സൈനിക സഹായവും എത്തിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾ ഇന്ത്യയിൽ വ്യാപക ചർച്ചയ്ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയൻ കമ്പനികൾക്കെതിരായ പരിശോധനകളും നടപടികളും ശക്തമായത്.

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു ഉൾപ്പെടെ ഒമ്പത് കേന്ദ്രങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾ നടത്തിയിരുന്ന സെലിബി, രാജ്യത്തെ വ്യോമയാന രംഗത്തെ പ്രധാന സ്വകാര്യ ഓപ്പറേറ്റർമാരിലൊന്നായിരുന്നു. പ്രതിവർഷം ആയിരക്കണക്കിന് വിമാനങ്ങളുടെയും ലക്ഷക്കണക്കിന് ടൺ ചരക്കുകളുടെയും സേവന ചുമതല കമ്പനിക്കുണ്ടായിരുന്നു. ലൈസൻസ് റദ്ദാക്കിയതോടെ പ്രവർത്തനങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറുകയും ആയിരക്കണക്കിന് ജീവനക്കാരെ പുനർനിയമിക്കുകയും ചെയ്തു.

വിമാനത്താവള സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നടപടി സ്വീകരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കാർഗോ പരിശോധന, യാത്രക്കാരുടെ രേഖാ പരിശോധന തുടങ്ങിയ നിർണായക സേവനങ്ങളാണ് സെലിബി കൈകാര്യം ചെയ്തിരുന്നത്.

സർക്കാർ നടപടിക്കെതിരെ സെലിബി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആശ്വാസം ലഭിച്ചില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻകരുതലാണ് പ്രധാനമെന്ന് നിരീക്ഷിച്ച കോടതി സർക്കാരിന്റെ തീരുമാനം ശരിവെക്കുകയായിരുന്നു.

സംഭവത്തിൽ പ്രതികരിച്ച സെലിബി ചെയർപേഴ്‌സൺ കാനൻ സെലിബിയോഗ്ലു, ഇന്ത്യയെ കമ്പനി രണ്ടാം വീടായി കണ്ടിരുന്നുവെന്നും വർഷങ്ങളുടെ പരിശ്രമഫലമായി വളർത്തിയെടുത്ത ബിസിനസ് വളരെ പെട്ടെന്ന് നഷ്ടമായത് വലിയ ആഘാതമാണെന്നും പറഞ്ഞു. ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങൾ സങ്കീർണമാണെന്ന് അറിയാമായിരുന്നുവെ ങ്കിലും ഇത്തരമൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പശ്ചാത്തലം സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് ഇന്ത്യ. പാകിസ്താനുമായി തുർക്കി പുലർത്തിയ സൈനിക സഹകരണത്തിന്റെ പശ്ചാത്തലത്തിൽ സെലിബിക്കെതിരായ നടപടി രാജ്യതാൽപ്പര്യം മുൻനിർത്തിയുള്ളതാണെന്ന വിലയിരുത്തലാണ് സർക്കാർ വൃത്തങ്ങൾ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!