കോഴിക്കോട് : ഏതൊരു സാഹചര്യത്തിലും ഒരു എമർജൻസി എന്ന് കണ്ടാല്‍ അതിനായി വേണ്ടത് എല്ലാം ചെയ്യാൻ മലയാളിയുടെ മനസ് ഉണരും, അതിപ്പോ എന്ത് തമ്മിലടിക്കിടയിൽ ആണെങ്കിലും അതെല്ലാം നിർത്തിവെച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കും. അതിനുശേഷം അടി തുടരുകയും ചെയ്യും. മലയാളിയുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
റോഡിന് നടുവില്‍ ഒരു കൂട്ടം ആളുകള്‍ വഴക്കിടുന്ന സമയത്ത് രോഗിയുമായി എത്തിയ ആംബുലൻസിന് വഴിയൊരുക്കുന്ന വീഡിയോയാണിത്. ആംബുലൻസ് പോയതിന് ശേഷം സംഘം വീണ്ടും തമ്മില്‍ ഏറ്റുമുട്ടി എന്നതാണ് ഈ വീഡിയോയിലെ രസകരമായ കാര്യം.
കോഴിക്കോട് ചേവായൂരിലെ ബാങ്ക് തിരഞ്ഞെടുപ്പിന് ഇടയിലാണ് സംഭവം ഉണ്ടായത്. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ കോൺഗ്രസ് വിമതരെ കൂട്ടുപിടിച്ച് ഇടതുമുന്നണി കഴിഞ്ഞ ദിവസം ഭരണം പിടിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഇടയിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. തെരുവിലേക്കും കൂട്ടയടി നീണ്ടു ഈ സംഘർഷത്തിനിടയിലേക്ക് ആണ് ആംബുലൻസ് കടന്നുവന്നത്. എന്നാൽ ആംബുലൻസ് എത്തിയതോടെ ഇരുവശത്തും നിന്ന് തമ്മിൽ തല്ലിയവർ സംഘർഷം നിർത്തിവെച്ച് ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു.