കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെ മോഷണ ആരോപണവുമായി ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടം. ഓഫീസില്‍നിന്ന് വാച്ചും ഫയലും മോഷ്ടിച്ചു എന്നാണ് പരാതി.
കോണ്‍ഗ്രസ് കൗണ്‍സിലരായ ബിജു മാത്യുസിനെതിരെയാണ് പരാതി. കഴിഞ്ഞദിവസം ദിയയുടെ പിതാവ് ബിനു പുളക്കക്കണ്ടം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ചെയര്‍പേഴ്‌സണില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രതികരിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ബിജു മാത്യു പറഞ്ഞു.
മോഷണം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൗണ്‍സിലര്‍ ബിജു മാത്യുസ് രംഗത്ത് വന്നത്. ബിജുവിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു.
