ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി…

കണ്ണൂർ : മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്. കേസിലെ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. ഹർജി തള്ളിയതോടെ ജൂൺ 16 മുതൽ ജൂലൈ രണ്ടു വരെ തലശേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ തന്നെ വിചാരണ തുടരും

വിചാരണാവേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കോടതി പെരുമാറുന്നുവെന്ന ആരോപണമായിരുന്നു പ്രതിഭാഗം ഹർജിയിൽ ആരോപിച്ചിരുന്നത്. സാക്ഷികളുടെ വിസ്താരം നടക്കുമ്പോൾ കോടതി അനാവശ്യമായി ഇടപെടുന്നു എന്നടക്കം ഹർജിയിൽ ഉന്നിയിച്ചിരുന്നു. ആദ്യം ഹർജി പരിഗണിക്കവെ, സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയിരുന്നു. തുടർന്ന് പ്രതിഭാഗം സത്യവാങ്മൂലം ഉൾപ്പെടുത്തി ഹർജി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹർജിയിന്മേൽ വാദം കേട്ട കോടതി ആണ് ഇപ്പോൾ വിധി പറഞ്ഞത്.

എട്ട് വർഷം നീണ്ട കാലതാമസത്തിന് ശേഷം ഇക്കഴിഞ്ഞ മെയ് 18നാണ് ഷുഹൈബ് വധക്കേസ് വിചാരണാ നടപടികളിലേക്ക് കടന്നത്. ഇതിനിടെ, പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങൾ വിചാരണ നടപടികളിൽ വലിച്ചുനീട്ടാനുള്ള നീക്കമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്ന് ആകാശ് തില്ലങ്കേരി അടക്കം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

പിന്നീട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ നേടി. 2018 ഫെബ്രുവരി 12നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂർ സ്വദേശി എസ് പി ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!