ആൻഡമാൻ സമുദ്ര തീരത്ത് വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി! രാജ്യത്തിന് നിർണായക നേട്ടം

ന്യൂഡൽഹി : ആൻഡമാൻ ദ്വീപിനോടു ചേർന്നുള്ള സമുദ്ര തീരത്ത് വൻ തോതിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തി. ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് സുപ്രധാന കണ്ടെത്തൽ. കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയാണ് നേട്ടം രാജ്യത്തെ അറിയിച്ചത്. ഇന്ത്യയുടെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ സമുദ്ര മന്ഥൻ ദൗത്യത്തിലാണ് നിർണായക നേട്ടം കൈവരിച്ചത്. 2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സമുദ്ര മന്ഥൻ മിഷൻ.

ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്നു ഏകദേശം 15 കിലോമീറ്റർ ആകലെയുള്ള ശ്രീ വിജയപുരം 3 എന്ന പര്യവേക്ഷണ കിണറിലാണ് വാതക ശേഖരം കണ്ടെത്തിയത്. ഈ ഭാഗത്ത് സമുദ്രത്തിനു 355 മീറ്ററാണ് ആഴം. സമുദ്ര നിരപ്പിനു താഴെ 1900 മീറ്ററിലധികം ആഴത്തിൽ നടത്തിയ ഡ്രില്ലിങിലാണ് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

രാജ്യത്തെ ആഴക്കടൽ എണ്ണ- വാതക നിക്ഷേപങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുക എന്നതാണ് സമുദ്ര മന്ഥൻ മിഷന്റെ ലക്ഷ്യം. ആ‍ൻഡമാൻ ബേസിനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണങ്ങളിൽ നിലവിൽ കുഴിച്ച മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലും ഹൈ‍‍ഡ്രോകാർബൺ സാന്നിധ്യം കണ്ടെത്താനായി എന്നത് വലിയ നേട്ടമാണ്.

നിലവിൽ കണ്ടെത്തിയ വാതകത്തിന്റെ ഘടന, ഗുണനിലവാരം, കലോറി മൂല്യം എന്നിവ പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വാതകത്തിന്റെ കണ്ടെത്തൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നു മന്ത്രി ഹർദീപ് സിങ് പുരി പ്രതീക്ഷ പങ്കിട്ടു. രാജ്യാന്തര ആഴക്കടൽ പര്യവേക്ഷണ വിദഗ്ധരുടെ സഹായത്തോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കൂടുതൽ ആഴക്കടൽ പര്യവേക്ഷണങ്ങൾ നടത്താൻ അന്താരാഷ്ട്ര സാങ്കേതിക സഹകരണം ഇന്ത്യ തേടുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യവേക്ഷണം നടക്കുന്നുണ്ട്. ഊർജ്ജാവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഇന്ത്യ പര്യവേക്ഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായി മുൻപ് ശ്രമിച്ച് ഉപേക്ഷിച്ച പര്യവേക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളും കേന്ദ്രം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!