വടകര കാഫിർ സ്ക്രീൻഷോട്ടിലും കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്…

തിരുവനന്തപുരം: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.

പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈ കേസ്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ അടിയന്തര നീക്കം.

നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനത്തിൽ’ പുനരന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിലെ കാഫി‌ർ സ്ക്രീൻഷോട്ട് കേസിലും ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!