രാഷ്ട്രീയ പ്രചാരണത്തിൽ പങ്കെടുക്കരുത്… വിരമിച്ച ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം…

ന്യൂഡൽഹി : പുനർനിയമിക്കപ്പെട്ട വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

വിവിധ തസ്തികകളിൽ പുനർനിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് നിയന്ത്രണങ്ങൾ ബാധകമാകുക. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ കത്തയച്ചു.

ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പുനർനിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ രാഷ്ട്രീയ നിഷ്പക്ഷത കർശനമായി പാലിക്കണമെന്നാണ് നിർദേശം.

രാഷ്ട്രീയ പ്രചാരണ പരിപാടികൾ, വോട്ടഭ്യർഥനകൾ, മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങൾ എന്നിവയിൽ ഒരുതരത്തിലും പങ്കാളികളാകരുതെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതികൾ ജനുവരി ആദ്യ പകുതിയിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനങ്ങളിൽ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നടത്തുന്ന സന്ദർശനങ്ങൾ പൂർത്തിയായ ശേഷമായിരിക്കും തിരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച തീരുമാനം. നവംബർ അവസാനത്തോടെ സന്ദർശനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എത്ര ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തിലും നവംബറിന് ശേഷമായിരിക്കും തീരുമാനമുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!