കൊച്ചി : നിലവിലെ വഖഫ് ഭേദഗതി നിയമം പാലിക്കാതെ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നിയമിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി നിയമം 2025 സെക്സ് 14 പ്രകാരം ബോർഡിൽ ഉണ്ടായിരിക്കേണ്ട വ്യക്തികളുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുൻ സംസ്ഥാനസർക്കാർ നിയമിച്ചിട്ടുള്ളത്.
ഭാരതീയ ജനതാ പാർട്ടിയുടെ 3 നിയമസഭാ അംഗങ്ങളും നിലവിലെ വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും, സർക്കാർ ഈ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടി ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ഈ റജിസ്റ്ററിൽ ന്യായമായ വസ്തുക്കൾ എന്തെങ്കിലുമു ണ്ടെങ്കിൽ അത് നീക്കം ചെയ്യാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്, ഈ വിഷയത്തിൽ ന്യായമായ കാര്യങ്ങൾ ഉള്ളതിനാൽ അത് നീക്കം ചെയ്യണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റജുവിന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കത്തു നൽകിയിട്ടുണ്ട്. അതിനുമേൽ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
വഖഫ് നിയമത്തിലെ സെക്ഷൻ 3 B അനുസരിച്ച് പാലിക്കപ്പെടേണ്ടതായ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വഖഫ് ബോർഡ് മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനമായത് മുക്തവല്ലിയെ നിയമിച്ചതാണ്. ഈ ഭേദഗതി അപ്‌ലോഡ് ചെയ്യാൻ നിയമപരമായ അധികാരം മുക്തവല്ലിക്കാണ്, ഇവിടെ മുക്തവല്ലി ഫാറൂഖ് കോളേജ് ആണ്. മുക്തവല്ലിയെ മാറ്റി നിയമിക്കാൻ നിയമമുണ്ട്, പക്ഷേ അത് കൃത്യമായി നോട്ടീസ് നൽകി ഒരു ജുഡീഷ്യൽ പ്രോസസ്സിലൂടെ മാത്രമേ സാധിക്കു.
സ്വയം മുക്തവല്ലിയായി നിയമിക്കപ്പെടണമെങ്കിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് അത് വഖഫ് ആക്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് വഖഫ് ബോർഡ് സ്വയം മുക്തവല്ലിയായി തീരുമാനിച്ചുകൊണ്ട് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പിണറായി വിജയൻ ഗവൺമെൻറ് പോകുന്നതിന് തൊട്ടുമുൻപേ 4/2/2026ൽ ആണ് ഈ ഗസറ്റ് നോട്ടിഫിക്കേഷൻ ഇറക്കി ഈ വക്കഫ് ബോർഡിനെ നിയമിച്ചിട്ടുള്ളത്. ഈ നിയമനത്തിനുശേഷം അവസാനം പറഞ്ഞിട്ടുള്ളത് കേന്ദ്രം മാനദണ്ഡപ്രകാരം രണ്ടുപേരെയും നിയമിക്കാതെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ബോർഡ് ആണ് നിലവിൽ വന്നത്. സമാനമായ ബോർഡ് മദ്രാസിലും നിലവിലുണ്ടായിരുന്നു ആ ബോർഡ് പിരിച്ചുവിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയോട് ബിജെപി ക്ക് ആവശ്യപ്പെടാൻ ഉള്ളത് ഈ ഗസറ്റ് നോട്ടിഫിക്കേഷൻ റദ്ദ് ചെയ്ത് വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാണ്.
പത്രസമ്മേളനത്തിൽ ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു, ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ കെ ഡി ഡെമീഷ്, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ എന്നിവർ പങ്കെടുത്തു.
