കൊച്ചി : സംഘടനയ്ക്കുള്ളിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നതെന്ന് നടി പ്രിയങ്ക അനൂപ്. അൻസിബയുടെ പരസ്യ പ്രതികരണങ്ങൾ സംഘടനയുടെ പ്രതിച്ഛായയെ ജനങ്ങൾക്കിടയിൽ മോശമാക്കിയെന്നും, താൻ ടിനി ടോമിനെ വ്യക്തിപരമായി പിന്തുണച്ചിട്ടില്ലെന്നും ഒരു അംഗം എന്ന നിലയിലാണ് സംസാരിച്ചതെന്നും പ്രിയങ്ക വ്യക്തമാക്കി.
മാധ്യമങ്ങളോട് പറയുന്നതിന് മുൻപ് അൻസിബ ഈ കാര്യങ്ങൾ സംഘടനയിലെ മറ്റ് അംഗങ്ങളോട് തുറന്നുപറഞ്ഞിരുന്നു വെങ്കിൽ എല്ലാവരും അവൾക്കൊപ്പം നിൽക്കുമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
‘അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയിൽ വളരെ വിഷമിച്ച് നിൽക്കുന്ന സന്ദർഭമാണ്. സംഘടനയെ ജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിച്ചു. മനസുവിഷമിച്ചിരിക്കുകയാണ്. വ്യക്തികളെയല്ല ‘അമ്മ’ എന്ന സംഘടനയേയാണ് എതിരാക്കുന്നത്. പ്രഗത്ഭരായ ഒട്ടേറെപ്പേർ സംഘടനയിലുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഉള്ള സംഘടനാണ്. ഒരുമാസം ക്ഷമിച്ചാൽ എല്ലാ കാര്യങ്ങളും ജനറൽ ബോഡിയിൽ അവതരിപ്പിക്കാം. ‘അമ്മ’യിലെ അംഗങ്ങളായ മമ്മൂക്കയും ലാലേട്ടനും ഇന്നസെന്റും മൂന്നും മൂന്ന് മതത്തിൽപ്പെട്ട ആളുകളല്ലേ? എത്ര ഐക്യത്തോടെയാണ് അന്ന് പോയിരുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ?’, പ്രിയങ്ക ചോദിച്ചു.
‘ഞാൻ ടിനിയുടെ കൂടെ നിന്നുവെന്ന് എല്ലാവരും പറയുന്നുണ്ട്. ഞാൻ ടിനിയുടെ കൂടെ നിന്നതല്ല. അംഗം എന്ന നിലയ്ക്കാണ് പ്രതികരിച്ചത്. അൻസിബ ഇന്ന് എല്ലാവർക്കും വാട്‌സാപ്പിൽ മെസേജ് അയച്ചിരുന്നു. താൻ ഇപ്പോൾ ഏറെ വിഷമത്തിലാണെന്ന് ഉൾപ്പെടെ പറഞ്ഞു. അക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പോയി പറയുന്നതിന് പകരം നേരത്തെ പറഞ്ഞിരുന്നെങ്കിൽ എല്ലാവരും അവൾക്കൊപ്പം നിന്നേനെ. ആരോപണങ്ങളെല്ലാം ഏൽക്കുന്നത് ‘അമ്മ’ എന്ന സംഘടനയ്ക്കാണ്. ഒരു വ്യക്തിക്കുമല്ല. ‘അമ്മ’യെന്നാൽ ഞങ്ങൾക്കൊക്കെ അത്രയേറെ പ്രിയപ്പെട്ട സംഘടനയാണ്. സത്യം പറഞ്ഞാൽ സങ്കടമാണ് ഞങ്ങൾക്കിപ്പോൾ’, അവർ പറഞ്ഞു.
‘വ്യക്തികൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോലീസും കോടതിയുമുണ്ട്. ആ വഴിക്ക് നീങ്ങിക്കൂടേ. എന്തിനാണ് ‘അമ്മ’യെ ഇങ്ങനെ ചിത്രീകരിക്കുന്നത്? ഇവർക്ക് ഇതും പറഞ്ഞ് പോയാൽ മതി. പുറത്തിറങ്ങുമ്പോൾ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നത് അംഗങ്ങളായ ഞങ്ങളാണ്. ‘അമ്മ’ നശിച്ചുപോകാൻ ഞങ്ങൾക്ക് ഒരു ആഗ്രഹവുമില്ല. ടിനിയെ മാത്രം പിന്തുണച്ച് സംസാരിച്ചിട്ടില്ല.
തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ. ‘അമ്മ’ ഓഫീസിൽ ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യാൻ കഴിയുന്ന ക്യാമറകളുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരാൻ കഴിഞ്ഞാൽ തെളിവല്ലേ? എന്തിനാണ് ‘അമ്മ’യിൽ ജാതി കൂട്ടിക്കുഴയ്ക്കുന്നത്. ‘അമ്മ’ അംഗങ്ങളെല്ലാം പല ജാതിയിൽപ്പെട്ടതല്ലേ? മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുണ്ട്. എല്ലാവരേയും മുറിക്കുമ്പോൾ ഒരേ രക്തമല്ലേ വരുന്നത്. മുസ്ലിങ്ങളെ മുറിക്കുമ്പോൾ പച്ചരക്തം വരുന്നുണ്ടോ? എല്ലാവരും മനുഷ്യരാണ്, ആ മനുഷ്യന്മാർ ചേർന്നാണ് സംഘടന’, അവർ വ്യക്തമാക്കി.
‘എന്തെങ്കിലും പ്രശ്‌നം വന്നാൽ മാധ്യമങ്ങളിൽ പോയി പറയുകയല്ല, ‘അമ്മ’യ്ക്കുള്ളിൽ തീർക്കാനാണ് ശ്രമിക്കേണ്ടത്. ചങ്കൂറ്റത്തോടെ എവിടേയും അഭിപ്രായം പറയുന്ന കുട്ടിയാണ് അൻസിബ. ആ കുട്ടിക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായതിൽ വിഷമമുണ്ട്. അൻസിബയുടെ മാനസിക വിഷമത്തിൽ ഞങ്ങളൊക്കെ ചേരുന്നുണ്ട്. പക്ഷേ, എല്ലാത്തിനും ഒരു തെളിവ് വേണ്ടേ. അപ്പുറത്ത് നിൽക്കുന്ന ആൾക്കും കുടുംബമില്ലേ? തെളിവുകൊണ്ടുവന്നാൽ പരമാവധി ശിക്ഷ വാങ്ങിച്ചുനൽകും. അതിനാണ് ജനറൽ ബോഡി ഉള്ളത്. ആ ജനറൽ ബോഡി വരേയെങ്കിലും അമ്മയെ മോശമാക്കി സംസാരിക്കാതിരിക്കണം’, പ്രിയങ്ക കൂട്ടിച്ചേർത്തു.
