ന്യൂഡൽഹി: രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ വേഗതയേറിയതും തടസ്സരഹിതവുമായ സേവനങ്ങൾ ഉറപ്പാക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഇപിഎഫ്ഒ 2.01 പ്രവർത്തനക്ഷമമാക്കി. സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ലോഞ്ചാണ് ഇപ്പോൾ യാഥാർഥ്യമായത്. പി.എഫ് ക്ലെയിമുകൾ, അക്കൗണ്ട് കൈമാറ്റം, പെൻഷൻ സേവനങ്ങൾ തുടങ്ങി വിവിധ നടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
ഇപിഎഫ്ഒ 2.01 എന്താണ് ?
കേന്ദ്രസർക്കാരിന്റെ സെൻട്രലൈസ്ഡ് ഐടി എനേബിൾഡ് സർവീസസ് (CITES) പദ്ധതിയുടെ ഭാഗമായാണ് ഇപിഎഫ്ഒ 2.01 വികസിപ്പിച്ചിരിക്കുന്നത്. മുമ്പ് വിവിധ പ്രാദേശിക ഓഫീസുകളിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന ഡാറ്റാബേസുകൾക്ക് പകരം ഇനി രാജ്യത്തുടനീളമുള്ള അംഗങ്ങളുടെ വിവരങ്ങൾ ഒരൊറ്റ ദേശീയ ഡാറ്റാബേസിലായിരിക്കും ലഭ്യമാകുക. 120-ലധികം വികേന്ദ്രീകൃത ഡാറ്റാബേസുകളിൽ നിന്നുള്ള 34 കോടിയിലധികം അംഗങ്ങളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലേക്ക് ഏകീകരിച്ചിരിക്കുന്നത്.
ഇനി ഏത് ഇപിഎഫ്ഒ ഓഫീസിൽ നിന്നും സേവനം
പുതിയ സംവിധാനത്തിലൂടെ ഇന്ത്യയിലെ ഏത് ഇപിഎഫ്ഒ ഓഫീസിൽ നിന്നും അംഗങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകും. ജോലി സംബന്ധമായി മറ്റൊരു സംസ്ഥാനത്തേക്ക് മാറിയാലും പഴയ ഓഫീസിനെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. സമീപത്തെ ഇപിഎഫ്ഒ ഓഫീസിൽ നിന്ന് തന്നെ ആവശ്യമായ എല്ലാ സേവനങ്ങളും പൂർത്തിയാക്കാൻ കഴിയും.
ഒരൊറ്റ പോർട്ടലിൽ എല്ലാ പി.എഫ് സേവനങ്ങളും
ഇപിഎഫ്ഒ 2.01-ൽ അംഗങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പോർട്ടലാണ് ഒരുക്കിയിരിക്കുന്നത്. പി.എഫ് ബാലൻസ്, ക്ലെയിം സ്റ്റാറ്റസ്, അംഗത്വ വിവരങ്ങൾ, പെൻഷൻ രേഖകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഒരിടത്ത് തന്നെ പരിശോധിക്കാനാകും.
ജോലി മാറിയാലും പി.എഫ് അക്കൗണ്ട് ഇനി സ്വമേധയാ കൈമാറും
ആധാറുമായി ബന്ധിപ്പിച്ച യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉള്ള ജീവനക്കാർക്ക് ജോലി മാറുമ്പോൾ പി.എഫ് അക്കൗണ്ട് ഇനി സ്വമേധയാ പുതിയ സ്ഥാപനത്തിലേക്ക് കൈമാറും. തൊഴിലുടമയുടെ പ്രത്യേക അനുമതിയോ അധിക അപേക്ഷകളോ ഇനി ആവശ്യമില്ല.
ക്ലെയിം നടപടികൾ ഇനി കൂടുതൽ വേഗത്തിൽ
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് രേഖകളിലെ പിഴവുകൾ എസ്‌എംഎസ് വഴിയോ പോർട്ടൽ വഴിയോ അംഗങ്ങളെ അറിയിക്കും. വിവിധ ആവശ്യങ്ങൾക്കായി എത്ര തുക വരെ പിൻവലിക്കാമെന്ന വിവരവും മുൻകൂട്ടി ലഭിക്കുന്നതിനാൽ അപേക്ഷകൾ നിരസിക്കപ്പെടാനുള്ള സാധ്യത കുറയും. പൂർണ കെവൈസി പൂർത്തിയാക്കിയ അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ അഡ്വാൻസ് ക്ലെയിമുകൾ ഇനി ഓട്ടോ സെറ്റിൽമെന്റ് സംവിധാനത്തിലൂടെ തീർപ്പാക്കും. നേരത്തെ ഈ പരിധി ഒരു ലക്ഷം രൂപയായിരുന്നു.
പെൻഷൻ സേവനങ്ങൾക്കും വലിയ മാറ്റം
കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഇപിഎസ് പെൻഷൻകാർക്ക് രാജ്യത്തെ ഏത് ഇപിഎഫ്ഒ ഓഫീസിൽ നിന്നും സേവനങ്ങൾ ലഭ്യമാകും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനും രാജ്യത്തെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പെൻഷൻ സ്വീകരിക്കുന്നതിനും പുതിയ സംവിധാനം സഹായകരമാകും.
8.25 ശതമാനം പലിശ ഉടൻ അക്കൗണ്ടിൽ
2025-26 സാമ്പത്തിക വർഷത്തേക്കുള്ള 8.25 ശതമാനം പലിശയും പുതിയ പ്ലാറ്റ്ഫോമിലൂടെയാണ് ക്രെഡിറ്റ് ചെയ്യുക. 34 കോടിയിലധികം അക്കൗണ്ടുകളിലേക്ക് ഏകദേശം 1.44 ലക്ഷം കോടി രൂപ പലിശയായി വിതരണം ചെയ്യാനാണ് ഇപിഎഫ്ഒയുടെ തീരുമാനം. ഫീൽഡ് തല പരിശോധനകൾ പൂർത്തിയായ ശേഷം ജൂലൈ 15-നകം അംഗങ്ങളുടെ പാസ്‌ബുക്കുകളിൽ ഈ തുക പ്രതിഫലിച്ചുതുടങ്ങുമെന്നാണ് അധികൃതരുടെ അറിയിപ്പ്.
വരാനിരിക്കുന്നത് കൂടുതൽ ഫീച്ചറുകൾ
നിലവിൽ ഇപിഎഫ്ഒ 2.01 പരിമിതമായ സേവനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ കൂടുതൽ ഫീച്ചറുകൾ ഘട്ടംഘട്ടമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അടുത്ത സാമ്പത്തിക വർഷം മുതൽ പലിശ ക്രെഡിറ്റ് പൂർണമായും ഓട്ടോമേറ്റഡ് ആക്കാനും തുടർന്ന് യു.പി.ഐ മുഖേന പി.എഫ് പിൻവലിക്കാനുള്ള സൗകര്യം അവതരിപ്പിക്കാനുമാണ് ഇപിഎഫ്ഒയുടെ പദ്ധതി. എന്നാൽ ഈ സേവനങ്ങൾ നിലവിൽ വരുന്നതിനുള്ള കൃത്യമായ സമയക്രമം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ പ്രൊവിഡന്റ് ഫണ്ട് സംവിധാനത്തെ കൂടുതൽ ആധുനികവും ഉപയോക്തൃ സൗഹൃദവുമാക്കുന്ന സുപ്രധാന ചുവടുവെപ്പാണ് ഇപിഎഫ്ഒ 2.01.
