വയനാട് കള്ളാടി ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി…

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. നിർമാണക്കമ്പനി മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു.

രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. മീനാക്ഷിപ്പാലത്തിന് 200 മീറ്റർ അകലെ നിന്നാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെടുത്തത്.

മണ്ണിടിച്ചിലിനെ തുടർന്ന് അഞ്ച് പേരെയായിരുന്നു കാണാതായിരുന്നത്. തിരച്ചിലിന്റെ മൂന്നാം ദിനം മുതലാണ് കാണാതായവരുടെ മൃതദേഹങ്ങൾ ഓരോന്നായി കണ്ടെത്താൻ കഴിഞ്ഞത്. വിക്രം റാണയ്ക്കായുള്ള തിരച്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ ഊർജിതമാക്കിയിരുന്നു. കള്ളാടി ദുരന്തം അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക  തുടങ്ങിയവയാണ് ഈ സമിതിയുടെ പ്രധാന ചുമതലകൾ.

പ്രമുഖ ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി പി രാജേന്ദ്രൻ നയിക്കുന്ന സമിതിയിൽ ജിയോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. വരും ദിവസങ്ങളിൽ സമിതി ദുരന്ത സ്ഥലത്തെത്തി വിശദമായ വിവരങ്ങൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഒരു മാസത്തെ സമയമാണ് സർക്കാർ സമിതിക്ക് അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!