പത്തനംതിട്ട : ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി പ്രിയദർശിനി ബസ് കാടിന് നടുവിൽ ബ്രേക്ക് ഡൗണായി. പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസാണ് ബ്രേക്ക് ഡൗൺ ആയത്.
ഗവിയിൽ നിന്നും 30 കിലോമീറ്റർ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോഴായിരുന്നു തകരാറുണ്ടായത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസിൽ ഉണ്ടായിരുന്ന മെക്കാനിക് ബസിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയും യാത്ര തുടരുകയുമായിരുന്നു.
എയർ ലീക്ക് ആണ് ബസ് ബ്രേക്ക് ഡൗൺ ആകാൻ കാരണമെന്നാണ് വിവരം. സംഭവസമയം എഴുപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ബസിന്റെ സീറ്റിംഗ് കപ്പാസിറ്റി 35 ആണെന്നിരിക്കെയാണ് ഇത്.
ഇന്നുമുതൽ ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കിയിട്ടുണ്ട്. യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്രയിൽ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. അപകടകരമായ വളവുകളുള്ള വനപാത ആയതിനാൽ അപകടസാധ്യത ഏറെയാണ്.
