കൊച്ചി : കേരളത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചി കേന്ദ്രീകരിച്ച് വൻകിട ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത്. സിബിൽ സ്കോർ (CIBIL Score) കുറവായതിനാൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെയും ബിസിനസുകാരുടെയും അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ആധാരങ്ങൾ ഉപയോഗിച്ച് കോടികളുടെ കോർപ്പറേറ്റ് ലോണുകൾ തട്ടിയെടുക്കുന്ന മാഫിയ സംഘമാണ് പിടിമുറുക്കിയിരിക്കുന്നത്.
ഏജന്റുമാരും വിവിധ ബാങ്ക് ജീവനക്കാരും ഒത്തുകളിച്ചുള്ള ഈ വായ്പാ കൊള്ളയിലൂടെ 700 കോടി രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ചതിക്കപ്പെട്ട പാവപ്പെട്ട ഉടമകളുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇപ്പോൾ ജപ്തി ഭീഷണിയിലായിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലാവുകയോ സിബിൽ സ്കോർ മോശമാവുകയോ ചെയ്യുന്ന വ്യക്തികളെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. വായ്പ ശരിയാക്കി നൽകാം എന്ന വ്യാജേന ഇവരിൽ നിന്ന് ആധാരവും നികുതിച്ചീട്ടും ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കും. ലോൺ പാസാകാൻ സമയമെടുക്കുമെന്ന് വിശ്വസിപ്പിച്ച് താൽക്കാലിക ആവശ്യങ്ങൾക്കായി ഏജന്റുമാർ സ്വന്തം അക്കൗണ്ടിൽ നിന്ന് ചെറിയൊരു തുക ഉടമകൾക്ക് നൽകുകയും ചെയ്യും. പിന്നീട് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ ഈ രേഖകൾ മറയാക്കി ഉടമകൾ പോലുമറിയാതെ കോടികളുടെ ബിസിനസ് വായ്പകൾ സംഘം തട്ടിയെടുക്കുകയാണ് രീതി.
കേസ് 1 (പാലാരിവട്ടം സ്വദേശി): സാമ്പത്തിക തകർച്ച നേരിട്ട എറണാകുളം പാലാരിവട്ടം സ്വദേശിയായ 58 കാരന് ബാങ്ക് ബാധ്യത തീർക്കാൻ വായ്പാ സംഘം 1.70 കോടി രൂപ നൽകി. പകരമായി ഇദ്ദേഹത്തിന്റെ പാലാരിവട്ടത്തെ വീടും തൃശ്ശൂരിലെ 1 ഏക്കർ 13 സെന്റ് സ്ഥലത്തിന്റെ പ്രമാണവും വാങ്ങി. പിന്നീട് തൃശ്ശൂരിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ രേഖകളും ഇവർ കൈക്കലാക്കി. മറ്റൊരു ലോണിന് സാക്ഷിയായി ഒപ്പിടാൻ ആവശ്യപ്പെട്ട് ഇദ്ദേഹത്തെക്കൊണ്ട് ഒപ്പിടുവിച്ച സംഘം കനറാ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിൽ നിന്നായി 49 കോടി രൂപയുടെ ബാധ്യതയാണ് ഇദ്ദേഹത്തിന്റെ തലയിൽ വെച്ചത്. 50 കോടിയിലേറെ വിലവരുന്ന പാരമ്പര്യ സ്വത്തുക്കളാണ് ഇതോടെ ജപ്തി ഭീഷണിയിലായത്.
കേസ് 2 (എൽദോ പോൾ): 1 കോടി രൂപയുടെ വായ്പ ആവശ്യപ്പെട്ട് എത്തിയ എൽദോ പോളിൽ നിന്ന് 2 ഏക്കർ 15 സെന്റ് സ്ഥലത്തിന്റെ രേഖകൾ സംഘം വാങ്ങി. അടിയന്തര ആവശ്യത്തിനായി 30 ലക്ഷം രൂപ ഇയാൾക്ക് നൽകുകയും ചെയ്തു. എന്നാൽ വായ്പ വൈകിയതോടെ സംശയം തോന്നിയ എൽദോ വാങ്ങിയ പണം തിരികെ നൽകി പ്രമാണം ആവശ്യപ്പെട്ടെങ്കിലും ഏജന്റ് ഒളിച്ചുകളിച്ചു. ഒടുവിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കാക്കനാട് ശാഖയിൽ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത് 30 കോടി രൂപയുടെ ജപ്തി നോട്ടീസാണ്.
കനറാ ബാങ്ക്, എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിറ്റി യൂണിയൻ ബാങ്ക്, ചോളമണ്ഡലം ഫിനാൻസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും മറയാക്കിയാണ് ഈ വൻ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലേറെ എഫ്‌ഐആറുകൾ (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും, തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തിയിലേക്കോ ഇതിന് പിന്നിലെ വൻ സ്രാവുകളിലേക്കോ അന്വേഷണ ഏജൻസികൾ ഇതുവരെ എത്തിയിട്ടില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നു.
