വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ്; രണ്ടുപേർക്ക് പരിക്ക്; അക്രമി കസ്റ്റഡിയിൽ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരമാണ് വൈറ്റ് ഹൗസ് കോംപ്ലക്സിന് പുറത്തുള്ള 17-ാം സ്ട്രീറ്റും പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റും സംഗമിക്കുന്ന ഭാഗത്ത് ആക്രമണമുണ്ടായത്. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വെടിവെയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ആക്രമണം നടത്തിയതായി സംശയിക്കുന്ന വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അക്രമിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

സംഭവസമയത്ത് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികളിൽ ഏർപ്പെട്ടിരുന്ന ട്രംപ് സുരക്ഷിതനാണെന്നും അറിയിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മാധ്യമപ്രവർത്തകർ നിരവധി വെടിയൊച്ചകൾ കേട്ടതായി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് പരിശോധന നടത്തി.

എഫ്.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകിയതായി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ രീതിയിൽ വെടിവെയ്പ്പ് ശ്രമം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!