തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ കടുത്ത രാഷ്ട്രീയ പ്രത്യാക്രമണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ നിയമനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ പൂർണ്ണമായി ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐഎം ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധം, തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഒരു ഉദ്യോഗസ്ഥന് ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’ എന്ന രീതിയിലാണ് യുഡിഎഫ് സർക്കാർ ഈ പദവി വെച്ചുനീട്ടിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് അനുകൂലമായി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചിരുന്നുവെന്ന എൽ.ഡി.എഫിന്റെ മുൻ ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് സി.പി.ഐ.എം പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
