ഗാന്ധിനഗർ : 2008 ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രതികളിൽ മൂന്നു പേർ മലയാളികളാണ്.
കൊലപാതകം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, രാജ്യദ്രോഹം, ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. അഹമ്മദാബാദ് സ്‌ഫോടനത്തിൽ 56 പേരാണ് കൊല്ലപ്പെട്ടത്.
ഗുജറാത്ത് കലാപത്തിനു പ്രതികാരമായി ഇന്ത്യൻ മുജാഹിദ്ദീൻ രാജ്യത്തെ പ്രധാന പട്ടണങ്ങളിൽ നടത്തിയ സ്ഫോടനപരമ്പരകളിൽ ഒന്നാണ് അഹമ്മദാബാദിലുണ്ടായത്. അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 38 ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചത്. ഒരു മലയാളി ഉൾപ്പെടെ 11 പേരുടെ ജീവപര്യന്തം തടവുശിക്ഷയും ശരിവെച്ചിട്ടുണ്ട്.
കേസിലെ പ്രതികളായ മലയാളികൾ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സഹോദരങ്ങളായ ഷിബിലി (47), ഷാദുലി (45), കൂടാതെ മലപ്പുറം ഷറഫുദ്ദീൻ (43) എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്.
ആലുവ കുഞ്ഞനിക്കര പെരുന്തല്ലി മുഹമ്മദ് അൻസാർ (45) ആണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഉൾപ്പെടുന്ന മലയാളി. 2008 ജൂലൈ 25 ന് ആശുപത്രി അടക്കം അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ 22 സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനങ്ങളിൽ 56 പേർ മരിക്കുകയും 246 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
