പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്; ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടും

വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവര്‍ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനാകാത്തതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 1954ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ കൊളംബിയയാണ് കൂടുതല്‍ അപകടകരമായ മുന്നേറ്റങ്ങള്‍ നടത്തിയത്. കൊളംബിയന്‍ ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് സ്വിസ് കീപ്പര്‍ ഗ്രെഗര്‍ കോബല്‍ സമര്‍ത്ഥമായി തടഞ്ഞു. രണ്ടാം പകുതിയില്‍ കളി കൂടുതല്‍ കടുത്തതായി മാറി. സ്വിസ് നായകന്‍ ഗ്രാനിറ്റ് ഷാക്കയും ഡെനിസ് സക്കറിയയും ഫൗളുകളെ തുടര്‍ന്ന് മഞ്ഞക്കാര്‍ഡ് വാങ്ങി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കൊളംബിയയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ജോണ്‍ ലുകൂമി തൊടുത്ത ഹെഡ്ഡര്‍ സ്വിസ് ഗോള്‍കീപ്പര്‍ കോബലിന്റെ കൈകളില്‍ തട്ടി ക്രോസ്ബാറിലിടിച്ച് തെറിച്ചതാണ് നിശ്ചിത സമയത്തെ ഏറ്റവും മികച്ച അവസരം.

എക്‌സ്ട്രാ ടൈമിന്റെ 115-ാം മിനിറ്റില്‍ സ്വിസ് ക്യാപ്റ്റന്‍ ഷാക്ക വരുത്തിയ പിഴവില്‍ നിന്ന് പന്ത് ലഭിച്ച കൊളംബിയയുടെ ജാമിന്റണ്‍ കാമ്പാസിന് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്ത് വലയിലെത്തിക്കാന്‍ സാധിക്കാതെ പോയത് കൊളംബിയയ്ക്ക് വലിയ തിരിച്ചടിയായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളികള്‍. ഈജിപ്തിനെ 3-2 ന് തോല്‍പ്പിച്ചാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്.

ഇന്ന് മത്സരം ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!