വയലറ്റിൽ മുങ്ങി മൂന്നാർ! ഈ മനോഹര കാഴ്ച കാണാൻ ഒരു യാത്ര ആയാലോ…;

ഇടുക്കി : മൂന്നാറിന് ഓരോ കാലത്തും ഓരോ നിറമാണ്. കണികൊന്നകളും പൂവാകകളും ഒക്കെ ഒരുക്കുന്ന നിറകാഴ്ചകളാണ് നാടെങ്ങുമിപ്പോൾ. അതിനിടെ പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കൾ ഇപ്പോൾ മൂന്നാറിന്‍റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ്. വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല‍ഞ്ഞ് നിൽക്കുകയാണ് ജക്കാരാന്ത മരങ്ങൾ.

വയലറ്റു നിറത്തിൽ വെള്ള കലർന്നു നിൽക്കുന്ന പൂക്കളുടെ ഭംഗി എത്ര പറഞ്ഞാലും മതിയാവില്ല. നീലാകാശത്തിനു താഴെ അതിനെയും വെല്ലുവിളിക്കുന്ന ഭംഗിയിൽ നിൽക്കുന്ന ഇതിന്‍റെ കാഴ്ച കാണാൻ ഇവിടെ എത്തുക തന്നെ വേണം. ആനച്ചാൽ മുതൽ മറയൂർ വരെയുള്ള പാതയോരങ്ങളിൽ തണൽ വിരിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ സഞ്ചാരികൾക്ക്‌ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിയ്ക്കുന്നത്.

തളിരിട്ടു നിൽക്കുന്ന തേയില ചെടികൾക്കും നീലാകാശത്തിനും ഇടയിൽ വയലറ്റ് വർണ്ണം ചാലിച്ചെഴുതുകയാണ് ജക്കാരാന്തകൾ. കടൽ കടന്നെത്തിയ ഈ ആരാമ വൃക്ഷങ്ങൾ സമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിൽ തണുപ്പുള്ള കാലാവസ്ഥയിലാണ് സമൃദ്ധമായി വളരുന്നത്. വേനൽ കാലത്തിന്റെ ആരംഭത്തിൽ ഇലകൾ കൊഴിച്ചു നിറയെ പൂവിടും.‌

ഏപ്രിൽ മാസം അവസാനം വരെ ഈ വസന്തം നീണ്ടു നിൽക്കും. 50 അടിവരെ ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളിൽ കുലകളായിട്ടാണ് പൂക്കൾ വിരിയുന്നത്. മൂന്നാറിൽ തേയില കൃഷി തുടങ്ങിയ കാലത്താണ് ജക്കാരാന്തയും എത്തിയത്. ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്‍ക്കുന്ന ജക്കാരാന്ത മരങ്ങള്‍ മൂന്നാറിന്റെ മനോഹര കാഴ്ച്ചകളില്‍ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!