ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർ രാജ്യം വിടണമെന്ന് നിർദ്ദേശം; അമേരിക്കയിലെ ഇന്ത്യക്കാർക്കും തിരിച്ചടി

വാഷിങ്ടൺ: അമേരിക്കൻ പൗരത്വത്തിനും ഗ്രീൻ കാർഡിനുമായി കാത്തിരിക്കുന്ന കുടിയേറ്റക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്). ഗ്രീൻ കാർഡ് ലഭിക്കാനായി കാത്തിരിക്കുന്നവർ അമേരിക്കയിൽ തുടരുന്നതിന് പകരം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി അവിടെ നിന്നുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് നിർദേശം.

രാജ്യത്തേക്ക് താൽക്കാലികമായി പ്രവേശിക്കുന്നവരും സ്ഥിരതാമസത്തിനായി എത്തുന്നവരും തമ്മിൽ വ്യക്തമായ വേർതിരിവ് നിലനിറുത്തുമെന്നും അധികൃതർ വ്യക്തമാക്കി. അപേക്ഷകളുടെ പരിഗണനാകാലത്ത് വ്യക്തികൾ സ്വന്തം രാജ്യത്താണ് താമസിക്കുന്നതെന്ന് ഉറപ്പാക്കുന്ന രീതിയിലായിരിക്കും പുതിയ സമീപനമെന്നും യു.എസ്.സി.ഐ.എസ് ഡയറക്ടർ ജോൺ എഡ്‌ലോ അറിയിച്ചു. കുടിയേറ്റ നടപടിക്രമങ്ങൾ കൂടുതൽ ക്രമബദ്ധമാക്കുന്നതിന്റെയും താൽക്കാലിക പ്രവേശന സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിന്റെയും ഭാഗമായാണ് പുതിയ നിർദേശമെന്നാണ് വിലയിരുത്തൽ.

ഇന്ത്യക്കാരുൾപ്പടെയുള്ളവർക്ക് ഈ നീക്കവും തിരിച്ചടിയാകും. B1/B2, F1/M1, J1, H-1B, O-1 തുടങ്ങി താൽകാലിക വീസയിൽ യുഎസിലെത്തിയവരെ ലക്ഷ്യമിട്ടാണ് പുതിയചട്ടം കൊണ്ടുവന്നിരിക്കുന്നത്. വിനോദസഞ്ചാരികൾ, വിദ്യാർഥികൾ, ജോലിക്കാർ തുടങ്ങി പ്രത്യേക ഉദ്ദേശത്തിനായി യുഎസിലേക്ക് എത്തിയവർക്കായാണ് മാർഗനിർദേശമെന്നാണ് അധികൃതർ പറയുന്നത്.

യുഎസിലെത്തുകയും പിന്നീട് യുഎസിൽ തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് സ്ഥിരതാമസത്തിനായി ഗ്രീൻകാർഡിന് അപേക്ഷിക്കാമെന്നും ഇത് ഏത് രാജ്യക്കാരായിരിക്കുമെന്നതിനെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവിൽ മാറ്റം വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യക്കാർക്കുള്ള ‘വെയ്റ്റിങ് പീരിഡ്’ കൂടുതലാണ്. നിശ്ചിത കാലയളവ് എത്താൻ വീസ വീണ്ടും പുതുക്കേണ്ടി വരും. അതാണ് ഇന്ത്യക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത്. അനധികൃത കുടിയേറ്റക്കാരെന്ന ലേബലിൽ രാജ്യത്ത് നിന്ന് ആളുകളെ ട്രംപ് സർക്കാർ കൂട്ടത്തോടെ പുറത്താക്കുന്നത് തുടരുകയുമാണ്.

നിയമാനുസൃതമായി കുടിയേറാൻ ആഗ്രഹിക്കുന്നവർ കൃത്യമായ ഘട്ടങ്ങളിലൂടെ കടന്ന് പോകണമെന്നത് നിർബന്ധമാണെന്ന് യുഎസ്സിഐഎസ് പറയുന്നു. തൊഴിൽപരമായോ, അതല്ല കുടുംബപരമായോ, അതുമല്ലെങ്കിൽ നിക്ഷേപകർക്കോ യുഎസിലേക്ക് കടന്നുവരാമെന്നും എന്നാൽ ഉദ്ദേശം ബോധ്യപ്പെടുത്താൻ കഴിയണമെന്നുമാണ് ചട്ടങ്ങളിൽ പറയുന്നത്. ഗ്രീൻകാർഡിനായുള്ള കാലയളവിൽ യുഎസിൽ തന്നെ തങ്ങുന്നതിനായുള്ള അനുവാദം അസാധാരണ സാഹചര്യങ്ങളിൽ മാത്രമേയുണ്ടാകുകയുള്ളൂവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!