കൽപറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ പദ്ധതിയുടെ ഭാഗത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചു പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപത് പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളി ലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ച് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
മീനാക്ഷി പാലത്തിന് സമീപം നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ തുരങ്കപാത നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഭിത്തി തകർന്നുവീഴുകയും സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങൾ മണ്ണിനടിയിലാകുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ നിർത്തിവെച്ചിരുന്നുവെങ്കിലും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
അഗ്നിരക്ഷാസേന, പൊലീസ്, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. രക്ഷാദൗത്യത്തിനിടെ മേപ്പാടി എസ്‌ഐയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട്ടിൽ ഇന്നലെ മുതൽ അതിതീവ്ര മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വയനാടിനും കോഴിക്കോടിനും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതൽ പ്രദേശത്ത് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് നിർമാണ മേഖലയിൽ ജാഗ്രതാ നിർദേശവും നൽകിയിരുന്നു. അതിനിടെ ഉണ്ടായ മണ്ണിടിച്ചിലാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്.
