ബെംഗളൂരു മലയാളി യുവതി പീഡനക്കേസ്… പ്രതി ഹൈനസ് കേരളത്തിൽ നിന്ന് അറസ്റ്റിൽ

ബെംഗളൂരു: കർണാടക മടിവാളയിൽ ഇരുപതുകാരിയായ മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി ഹൈനസിനെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കർണാടക പോലീസാണ് പിടികൂടിയത്. പ്രതിയെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ നൽകിയ കർശന നിർദ്ദേശത്തെത്തുടർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

ഈ മാസം 12-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയായിരുന്നു 20 വയസ്സുകാരിയായ മലയാളി പെൺകുട്ടി. അസുഖം ബാധിച്ചതിനെ തുടർന്ന് കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്ന പെൺകുട്ടിയുടെ മുറിയിലേക്ക് പ്രതി ഹൈനസ് അതിക്രമിച്ചു കയറുകയായിരുന്നു. സുഹൃത്തുക്കൾ പുറത്തുപോയ സമയം നോക്കിയാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

എന്നാൽ, സംഭവത്തിന് ശേഷം മടിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പെൺകുട്ടിയോടും സുഹൃത്തുക്കളോടും പോലീസ് തികച്ചും മോശമായാണ് പെരുമാറിയത്. പരാതി സ്വീകരിക്കാനോ യുവതിയെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനോ മടിവാള പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.

വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പുറത്തുവന്നതോടെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് ഇടപെട്ടു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് കമ്മീഷണർ ഡി.സി.പിയെ നേരിട്ട് വിളിച്ചുവരുത്തി ശാസിച്ചു. വീഴ്ച വരുത്തിയ മടിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കേസ് മടിവാള സ്റ്റേഷനിൽ നിന്നും ആടുഗോഡി സ്റ്റേഷനിലേക്ക് മാറ്റി. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആടുഗോഡി എ.സി.പിക്ക് അന്വേഷണത്തിന്റെ പൂർണ്ണ മേൽനോട്ടം കൈമാറി. കൃത്യമായ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയ തോടെയാണ് ഒളിവിൽ പോയ പ്രതിയെ കേരളത്തിൽ നിന്ന് വലയിലാക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!