പാർട്ടിയെക്കാൾ ഭാര്യയെ സംരക്ഷിക്കാൻ ശ്രമിച്ച സെക്രട്ടറി; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം പുനപരിശോധിക്കണം; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷവിമർശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ കടുത്ത വിമർശനം ഉയർന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ചില നേതാക്കൾ യോഗത്തിൽ മുന്നോട്ടുവച്ചു.

മുഖ്യമന്ത്രിയാകുന്നതിനായാണ് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയതെന്നാണ് ചില നേതാക്കൾ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയായ തീരുമാനം അല്ലെന്നുമാണ് വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടി പ്രവർത്തകരിൽ നിന്ന് അകന്നു നിന്നുവെന്നും, പാർട്ടിക്കാർക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

ബോർഡുകളിലും കോർപ്പറേഷനുകളിലും മുഖ്യമന്ത്രിക്കു താത്പര്യമുള്ളവർക്കാണ് നിയമനം നൽകിയതെന്നും, പിണറായിയുടെയും മന്ത്രിമാരുടെയും പ്രവർത്തനശൈലി തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയതായും നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തിൽ വിമർശനം ശക്തമായി. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും, കണ്ണൂരിലുൾപ്പെടെ പാർട്ടിക്ക് പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയെക്കാൾ ഭാര്യയെ സംരക്ഷിക്കാനാണ് മുൻഗണന നൽകിയതെന്നുമാണ് ചില നേതാക്കളുടെ ആരോപണം.

യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തു. ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!