ഭൂമിയോട് സാമ്യമുള്ള അന്തരീക്ഷവും കുറഞ്ഞ ഗുരുത്വാകർഷണവും; മനുഷ്യൻ്റെ അടുത്ത ലക്ഷ്യം ശനിയോ?

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റൻ, നമ്മുടെ സൗരയൂഥത്തിലെ ഗണ്യമായ അന്തരീക്ഷമുള്ള ഒരേയൊരു ഉപഗ്രഹമാണിത്. ഭൂമിയെ കൂടാതെ ഉപരിതലത്തിൽ ദ്രാവക ഗ്രഹങ്ങൾ ഉള്ളതായി അറിയപ്പെടുന്ന ഒരേയൊരു സ്ഥലം ടൈറ്റൻ മാത്രമാണ്. മേഘങ്ങൾ, മഴ, നദികൾ, തടാകങ്ങൾ, മീഥെയ്ൻ, ഈഥെയ്ൻ തുടങ്ങിയ ദ്രാവക ഹൈഡ്രോകാർബണുകൾ കൊണ്ട് നിർമ്മിച്ച കടലുകൾ എന്നിവ ഇവിടെയുണ്ട്. മനുഷ്യരുടെ ഭാവിയിലെ ഏറ്റവും ആകർഷകമായ ബഹിരാകാശ ലക്ഷ്യങ്ങളിൽ ഒന്നായി ശനി ഗ്രഹം മാറിയേക്കാൻ സാധ്യതയുമുണ്ട്.

ചന്ദ്രനിൽ സ്ഥിരതാമസം സ്ഥാപിക്കുകയും തുടർന്ന് ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾ വിജയകരമായി നടത്തുകയും ചെയ്തതിന് ശേഷം മനുഷ്യർ എവിടേക്കാണ് യാത്രതിരിക്കേണ്ടത് എന്ന ചർച്ചകൾ ശക്തമാകുമ്പോൾ, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാൻ വീണ്ടും ശാസ്ത്രലോകത്തിൻറെ ശ്രദ്ധാകേന്ദ്രമാകുകയാണ്.

അടുത്ത മാസം അമേരിക്കയിലെ കൊളറാഡോയിലെ ബോൾഡറിൽ നടക്കുന്ന ‘ഹ്യുമൻസ് ടു ടൈറ്റൻ സമ്മിറ്റ് 2026’ (Humans to Titan Summit 2026) എന്ന ആദ്യ അന്താരാഷ്ട്ര സമ്മേളനം ടൈറ്റാനിലേക്കുള്ള ഭാവിയിലെ മനുഷ്യയാത്രയുടെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടും. ശാസ്ത്രജ്ഞർ, ബഹിരാകാശ എഞ്ചിനീയർമാർ, വ്യവസായ വിദഗ്‌ധർ, മനുഷ്യ ബഹിരാകാശയാത്രാ വിദഗ്‌ധർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ സമ്മേളനം ടൈറ്റാനിലേക്കുള്ള ദീർഘകാല മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യകളും മുൻകൂർ റോബോട്ടിക് ദൗത്യങ്ങളും ചർച്ച ചെയ്യും.

ടൈറ്റാനിലേക്കുള്ള മനുഷ്യയാത്രയുടെ ചർച്ചകൾക്ക് കൂടുതൽ പ്രചോദനമാകുന്നത് ഡ്രാഗൺഫ്ലൈ എന്ന നാസയുടെ പുതിയ ദൗത്യമാണ്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന എട്ട് ചിറകുകളുള്ള ഈ പ്രത്യേക ഹെലികോപ്റ്റർ-റോബോട്ട് 2028-ൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ടൈറ്റാനിലെ വിവിധ പ്രദേശങ്ങളിലൂടെ പറന്ന് അവിടുത്തെ അന്തരീക്ഷം, ഉപരിതലം, രാസഘടന, ജീവൻറെ സാധ്യതകൾ എന്നിവ പരിശോധിക്കുകയാണ് ഡ്രാഗൺഫ്ലൈയുടെ പ്രധാന ദൗത്യം.

ടൈറ്റൻ ഉപഗ്രഹത്തിന് ഭൂമിയുമായി ഏറെ സാമ്യം!

ഇപ്പോൾ തന്നെ ടൈറ്റാനിലേക്കുള്ള മനുഷ്യ ദൗത്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ് എന്നാണ് അരിസോണയിലെ ടക്‌സണിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയറക്‌ടർ അമാൻഡ ഹെൻഡ്രിക്‌സ് പറയുന്നത്. മനുഷ്യരെ ടൈറ്റാനിലെ ഉപരിതലത്തിൽ എത്തിച്ച് അവിടെ താമസിപ്പിക്കുക ദീർഘകാലത്തിൽ സാധ്യമായ കാര്യമാണെന്നും അവർ വിലയിരുത്തുന്നു.

എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, വ്യവസായം, അക്കാദമിക്, റോബോട്ടിക്, മനുഷ്യ ബഹിരാകാശ യാത്രാ വിദഗ്‌ധർ തുടങ്ങി വ്യത്യസ്‍ത സമൂഹങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉച്ചകോടിയുടെ ആശയം എന്ന് ഹെൻഡ്രിക്‌സ് സ്പേസ് ഡോട്ട് കോമിനോട് പറഞ്ഞു. എക്‌സ്‌പ്ലോർ ടൈറ്റൻ എന്ന ഗ്രൂപ്പിൻ്റെ പ്രസിഡൻറും “ബിയോണ്ട് എർത്ത്: ഔർ പാത്ത് ടു എ ന്യൂ ഹോം ഇൻ ദി പ്ലാനറ്റ്സ്” (പാന്തിയോൺ ബുക്സ്, 2016) എന്ന പുസ്തകത്തിൻറെ സഹ രചയിതാവുമാണ് അമാൻഡ ഹെൻഡ്രിക്‌സ്.

ടൈറ്റാൻ എന്തുകൊണ്ടാണ് ഇത്രയും പ്രത്യേകമെന്ന് ചോദിച്ചാൽ, ഭൂമിയോട് സാമ്യമുള്ള ചില അപൂർവ സവിശേഷതകളാണ് കാരണം. ടൈറ്റാനിൽ കനത്ത അന്തരീക്ഷമുണ്ട്. ഭൂമിയിലെ പോലെ നൈട്രജൻ കൂടുതലുള്ള അന്തരീക്ഷം അവിടെ കാണപ്പെടുന്നു. കൂടാതെ മീഥേൻ വാതകവും വലിയ തോതിൽ ഉണ്ട്.

ഉപരിതലത്തിൽ മഞ്ഞുപാറകൾ, ഉണങ്ങിയ നദീതടങ്ങൾ, തടാകങ്ങൾ, മണൽക്കുന്നുകൾ തുടങ്ങിയ രൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2005-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഹ്യൂജൻസ് (Huygens) ലാൻഡർ ടൈറ്റാനിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചിരുന്നു. ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെയുണ്ടായ വിജയകരമായ ലാൻഡിംഗ് എന്ന റെക്കോർഡ് ഇന്നും ഹ്യൂജൻസ് ദൗത്യത്തിനാണ്. ടൈറ്റാൻറെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും നിർണായക വിവരങ്ങൾ ആ ദൗത്യം നൽകിയിരുന്നു.

താപനില മൈനസ് 179 ഡിഗ്രി സെൽഷ്യസ് വരെ

എന്നാൽ ടൈറ്റാനിലേക്കുള്ള മനുഷ്യയാത്ര അത്ര എളുപ്പമല്ല. അവിടുത്തെ താപനില മൈനസ് 179 ഡിഗ്രി സെൽഷ്യസ് വരെയാണ് എന്നാണ് കണക്കാക്കുന്നത്. അതിനാൽ മനുഷ്യർക്ക് അത്യാധുനിക താപസംരക്ഷണ സംവിധാനങ്ങൾ ആവശ്യമായി വരും. ശ്വസിക്കാൻ ആവശ്യമായ ഓക്‌സിജൻ അവിടെ ഇല്ലാത്തതിനാൽ അത് നിർമ്മിക്കാനുള്ള സംവിധാനങ്ങളും വേണം. കൂടാതെ ടൈറ്റാൻ ഭൂമിയിൽ നിന്ന് ഏകദേശം 1.2 ബില്യൺ കിലോമീറ്റർ അകലെയാണ്. അതിനാൽ അങ്ങോട്ടുള്ള യാത്രക്ക് വർഷങ്ങൾ വേണ്ടിവരും.

അതേസമയം ടൈറ്റാൻറെ സാന്ദ്രമായ അന്തരീക്ഷവും കുറഞ്ഞ ഗുരുത്വാകർഷണവും വലിയ ഗുണങ്ങളായി കണക്കാക്കപ്പെടുന്നു. മനുഷ്യർക്ക് ചിറകുകളോ ജെറ്റ് പാക്കുകളോ ഉപയോഗിച്ച് എളുപ്പത്തിൽ പറക്കാൻ പോലും കഴിയുമെന്നതാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഭാവിയിൽ മനുഷ്യർക്ക് ഏറ്റവും സൗകര്യപ്രദമായ അന്യഗ്രഹ കേന്ദ്രങ്ങളിലൊന്നായി ടൈറ്റാൻ മാറാനിടയുണ്ടെന്ന് ഗവേഷകർ കരുതുന്നു. ഡ്രാഗൺഫ്ലൈ പോലുള്ള ദൗത്യങ്ങൾ വിജയകരമായാൽ മനുഷ്യർ ടൈറ്റാനിൽ ഇറങ്ങി ഗവേഷണം നടത്തുകയും സ്ഥിരതാമസം സ്ഥാപിക്കുകയും ചെയ്യുന്ന കാലം യാഥാർഥ്യമാകാമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!