ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് യുപി മുഖ്യമന്ത്രി യോഗ് ആദിത്യനാഥ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ, ക്ഷേത്ര ട്രസ്റ്റിന്റെ അധികാരങ്ങള്‍ മരവിപ്പിച്ചു. ക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു.
അയോധ്യ രാമക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളില്‍ നിന്ന് ഏഴ് കോടി രൂപയോളം രൂപയും കാണിക്കയായി നല്‍കിയ വെള്ളിക്കട്ടികളും അടക്കം കാണാതായെന്ന പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) രാമക്ഷേത്ര ട്രസ്റ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള മുഴുവന്‍ വിഷയത്തിലും സിബിഐ/ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
‘ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസകേന്ദ്രമാണ് രാമക്ഷേത്രം. അതിനാല്‍, വഴിപാടുകള്‍, സംഭാവനകള്‍, ക്ഷേത്ര ഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും സുതാര്യത അത്യാവശ്യമാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍, അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുത്തണം’ എന്നാണ് അയോധ്യയിലെ ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതില്‍ അടക്കം പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇരുന്നുകൊണ്ട് മേശപ്പുറത്ത് വെച്ച് പണം എണ്ണുകയായിരുന്നു. അതിനു പകരം തറയില്‍ പരവതാനി വിരിച്ച് അതില്‍ വെച്ച് എണ്ണാനാണ് പുതിയ നിര്‍ദേശം. ക്ഷേത്രത്തില്‍ 35 ഭണ്ഡാരങ്ങളാണ് ഉള്ളത്. ഈ ഭണ്ഡാരങ്ങളില്‍ നിന്നും പണം പുറത്തേക്ക് എടുക്കുമ്പോഴും, എണ്ണുമ്പോഴും നിര്‍ബന്ധമായും വീഡിയോ ചിത്രീകരിച്ചിരിക്കണം. നേരത്തെ ഒരു സിസിടിവി കാമറ മാത്രമാണ് പണം എണ്ണുന്ന മുറിയില്‍ ഉണ്ടായിരുന്നത്.
ഇവിടെ ആറു സിസിടിവികള്‍ സ്ഥാപിച്ചു. സിസിടിവികളുടെ സ്റ്റോറേജ് കപ്പാസിറ്റിയും കൂട്ടിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് പുറത്തു വന്ന പശ്ചാത്തലത്തില്‍ ക്ഷേത്ര ട്രസ്റ്റിയെ പൂര്‍ണമായും ചുമതലകളില്‍ നിന്നും മാറ്റിയിരിക്കുകയാണ്.
