പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ- കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ നടത്തിയ മത്സരത്തിൽ എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു.
ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ, ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.
കാലാവസ്ഥ അനുകൂലമായതിനാൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ജലമേളകൾ കാണാൻ പമ്പയുടെ ഇരു കരകളിലും നൂറു കണക്കിന് പേരാണ് അണിനിരന്നത്. വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ പള്ളിയോട ശിൽപികളെ ആദരിച്ചു, മന്ത്രി വീണാ ജോർജ് വള്ളംകളിയുടെ സുവനീർ പ്രകാശനം ചെയ്തു. പള്ളിയോട സേവസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷനായി.