സിംഗപ്പൂർ : മോഹന്‍ലാല്‍ പങ്കെടുക്കാനിരുന്ന സിഡ്‌നി ഷോ മാറ്റി വച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാതിരുന്നതാണ് കാരണം. മോഹന്‍ലാലിനൊപ്പം ഷോയില്‍ പങ്കെടുക്കാനിരുന്ന കെഎസ് ചിത്ര, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുകയും സിഡ്‌നിയിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മോഹന്‍ലാലിന്റെ വിസയ്ക്കായി ശ്രമം തുടരുന്നുണ്ടായിരുന്നു.
ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഡിയോയിലൂടെ മോഹന്‍ലാല്‍ മാപ്പ് ചോദിച്ചു. ഇതേ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് തിരികെ വരുമെന്നും ഷോ ചെയ്യുമെന്നും മോഹന്‍ലാല്‍ വിഡിയോയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സിഡ്‌നിയിലും ന്യസിലാന്‍ഡിലുമായാണ് ഷോ പ്ലാന്‍ ചെയ്തിരുന്നത്. സിഡ്‌നിയിലെ ഷോ മാറ്റിവച്ചതോടെ അടുത്ത ഷോ നടക്കുക ന്യുസിലാന്‍ഡിലാകും. നിലവില്‍ സിംഗപ്പൂരിലുള്ള താരം ന്യൂസിലാന്‍ഡിലേക്കാകും പോവുക. ആരാധകരോട് മാപ്പ് ചോദിച്ചു കൊണ്ട് പങ്കുവച്ച വിഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്:
”ഞാന്‍ സംസാരിക്കുന്ന് സിംഗപ്പൂരില്‍ നിന്നാണ്. എന്റെ സങ്കടം എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. വളരെ സങ്കടകരമായ അവസ്ഥയിലാണ് ഞാന്‍. കഴിഞ്ഞ 50 വര്‍ഷത്തോളമായി സിനിമയില്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നടനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഷോ ചെയ്തത് ഒരുപക്ഷെ ഞാനായിരിക്കാം. ഈ വര്‍ഷം തന്നെ യുഎസില്‍ ചെയ്തിട്ടുണ്ട്, ജര്‍മനിയില്‍ ചെയ്തിട്ടുണ്ട്. യുകെയിലും അയര്‍ലണ്ടിലും ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല ആശയുമായിട്ടാണ് നിങ്ങളുടെ അടുത്തേക്ക് എത്താന്‍ ഞാന്‍ ശ്രമിച്ചത്.
എന്റെ കൂടെയുള്ള എല്ലാവരും, കെഎസ് ചിത്രയടക്കം, അവിടെയുണ്ട്. പക്ഷെ എന്തോ സംഭവിച്ചു. എന്റെ ജീവിതത്തില്‍ ഇതാദ്യമാണ്. എന്റെ വിസ എനിക്ക് കിട്ടിയില്ല. എന്ത് സംഭവിച്ചുവെന്ന് അറിയില്ല. ടെക്‌നിക്കില്‍ എററോ ക്ലെറിക്കല്‍ മിസ്‌റ്റേക്കോ ആകാം. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. എന്റെ കുറ്റമായിട്ട് തന്നെ ഞാന്‍ നിങ്ങളോട് പറയുന്നു. സോറി, എനിക്ക് വരാന്‍ പറ്റുന്നില്ല. ബാക്കിയെല്ലാവരും അവിടെയുണ്ട്.
മനുഷ്യന്‍ എന്ന നിലയിലും എല്ലാവരും ഇത് സാധ്യമാകാന്‍ പ്രവര്‍ത്തിച്ചു. സംഭവിക്കുന്നില്ല. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഈ ഷോ കാണാനായി ദൂരെ നിന്നടക്കം വന്ന നിങ്ങള്‍ ഓരോരുത്തരോടും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു. ഇതേ ടീമുമായി തിരികെ വരുമെന്നും, മനോഹരമായൊരു ഷോ ചെയ്യുമെന്നും വാക്ക് തരുന്നു. ഞാന്‍ നിസ്സഹായനാണ്. ദയവ് ചെയ്ത് എന്റെ മാപ്പ് സ്വീകരിക്കണം”.
