ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന അതേ വേഗതയിൽ ജഡ്ജിമാരെയും നിയമിക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമം ചോദ്യം ചെയ്യുന്ന ഹർജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം.
പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപ് തിടുക്കത്തിൽ നിയമനം നടത്തിയെന്ന് ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വാദിച്ചപ്പോഴാണ് കോടതിയുടെ പരാമർശം.
ഹർജികളിൽ അടുത്തയാഴ്ചയും വാദം തുടരും. 2024 മാർച്ച് 13 ന് 200 പേരുടെ ചുരുക്കപ്പട്ടിക പ്രതിപക്ഷനേതാവിന് നൽകിയെങ്കിലും തൊട്ടടുത്ത ദിവസമാണ് കമ്മീഷണർമാരെ തിരഞ്ഞടുത്തതെന്നും എങ്ങനെയാണ് പ്രതിപക്ഷനേതാവിന് ഒറ്റദിവസം കൊണ്ട് അത്രയും പേരുകൾ പരിശോധിക്കാനാവുകയെന്നും ഹൻസാരിയ ചോദിച്ചു.
എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. ബിൽ പാസാക്കിയപ്പോൾ വലിയൊരു വിഭാഗം പ്രതിപക്ഷ എംപിമാർ സസ്പെൻഷനിലായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് 1975 ൽ ഇന്ദിര ഗാന്ധിയും രാജ് നാരായണനും തമ്മിലുള്ള കേസിൽ സുപ്രീം കോടതി വിധിച്ചതാണെന്ന് പൊതുപ്രവർത്തകനായ സി ആർ നീലകണ്ഠന് വേണ്ടി അഡ്വ കാളീശ്വരം രാജ് അറിയിച്ചു.
ചീഫ് ജസ്റ്റിസിനെയും ഉൾപ്പെടുത്തിയുള്ള നിയമന സമിതിയെ വച്ചു കൊണ്ട് 2023 ൽ സുപ്രീം കോടതി ഉത്തരവിടും വരെ എന്തുകൊണ്ടാണ് പാർലമെന്റ് നിയമം ഒന്നും ഉണ്ടാക്കാതിരുന്നതെന്നും കോടതി ചോദിച്ചു. കമ്മീഷന്റെ നിഷ്പക്ഷതയ്ക്കായുള്ള നിയമമില്ലാത്തതിനെ എല്ലാ സർക്കാരുകളും മുതലെടുക്കുകയായിരുന്നുവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യമെന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് ജസ്റ്റിസ് ശർമ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ വാതോരാതെ പറയുകയും അധികാരത്തിലെത്തുമ്പോൾ അതു മറക്കുകയും ചെയ്യുന്നുവെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞപ്പോൾ ദൗർഭാഗ്യകരമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
