‘മതേതരത്വത്തിന്‍റെ ലംഘനം’; കന്‍വാര്‍ യാത്രയില്‍ കടയുടമകള്‍ പേരു പരസ്യപ്പെടുത്തണമെന്ന ഉത്തരവിന് സ്‌റ്റേ

ന്യൂഡല്‍ഹി: കന്‍വാര്‍ യാത്രാവഴിയിലെ ഭക്ഷണകട ഉടമകള്‍ പേരുവിവരം വെളിപ്പെടുത്തുന്ന ബോര്‍ഡ് വെക്കണമെന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കട ഉടമയുടേയും സ്ഥാപനത്തിലെ ജോലിക്കാരുടേയും പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. വിഷയത്തില്‍ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് എന്‍വി ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, പ്രൊഫ. അപൂര്‍വാനന്ദ്, ആകാര്‍ പട്ടേല്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവരാണ് യുപി സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരമൊരു ഉത്തരവ് മതപരമായ വിവേചനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഭക്ഷണം വിളമ്പുന്നത് ഏതു മതക്കാരാണെന്ന് തിരിച്ചറിയണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി അഭിപ്രായപ്പെട്ടു. ഇത് സമൂഹത്തില്‍ വേര്‍തിരിവ് രൂക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2000 രൂപയും 5000 രൂപയും പിഴ ഈടാക്കുന്നതായും വാര്‍ത്തകളുണ്ടെന്നും സിങ് വി കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഹോട്ടലുകളിലും മറ്റും ഏതുതരം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ബോർഡ് വെക്കുന്നത് നല്ലതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കന്‍വാരിയകള്‍ക്ക് (തീര്‍ഥാടകര്‍ക്ക്) അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് സസ്യാഹാരം വിളമ്പുന്നുവെന്നും, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ കടയുടമകളുടേയും മുഴുവന്‍ സ്റ്റാഫിന്റെയും പേര് പ്രദര്‍ശിപ്പിക്കണമെന്നത്, വ്യക്തമായ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഉത്തരവിറക്കുന്നത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!