അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തടിയൂരാൻ പാകിസ്താൻ; ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പൊളിഞ്ഞതോടെ ‘പുതിയ കളി’യുമായി ഇസ്ലാമാബാദ്

ഇസ്ലാമബാദ് : ആഗോള രാഷ്ട്രീയത്തിൽ സമാധാന ദൂതന്റെ വേഷമണിഞ്ഞ പാകിസ്താൻ ഒടുവിൽ തനിനിറം പുറത്തെടുക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്ന പാകിസ്താൻ, ആ നീക്കങ്ങൾ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്.

മൂന്നാഴ്ചത്തെ വെടിനിർത്തലിന് വിരാമമിട്ട് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലേക്ക് പാകിസ്ഥാൻ മോർട്ടാറുകളും മിസൈലുകളും വർഷിച്ചു. ഒരു സർവ്വകലാശാലയ്ക്കും ജനവാസ മേഖലയ്ക്കും നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. യുഎസ്-ഇറാൻ സംഘർഷത്തിൽ നിന്ന് തന്ത്രപരമായി പിന്മാറാനുള്ള പാകിസ്ഥാന്റെ പ്ലാൻ ബി ആണ് അഫ്ഗാൻ അതിർത്തിയിലെ ഈ പ്രകോപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇറാൻ-അമേരിക്ക ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയരുകയാണ്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ “ബോംബുകൾ പൊട്ടിത്തെറിക്കും” എന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മറുപടിയായി, തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാനും പ്രഖ്യാപിച്ചു. ഇവിടെയാണ് പാകിസ്താൻ പ്രതിസന്ധിയിലാകുന്നത്.

സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ പ്രകാരം, സൗദി ആക്രമിക്കപ്പെട്ടാൽ പാകിസ്ഥാൻ സൈനിക സഹായം നൽകാൻ ബാധ്യസ്ഥരാണ്. ഇതിനോടകം തന്നെ 13,000 സൈനികരെയും യുദ്ധവിമാനങ്ങളെയും പാകിസ്ഥാൻ സൗദിയിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇറാനെതിരെ ഒരു യുദ്ധത്തിൽ പങ്കുചേരുന്നത് പാകിസ്താനിലെ ആഭ്യന്തര സമാധാനത്തെ ബാധിക്കുമെന്ന ഭയം ഇസ്ലാമാബാദിനുണ്ട്.

സ്വന്തം രാജ്യത്തെ ഷിയാ വിഭാഗത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്താൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാണ് അഫ്ഗാനിസ്ഥാനുമായി ഒരു പുതിയ യുദ്ധമുഖം പാകിസ്ഥാൻ തുറന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനുമായി യുദ്ധത്തിലാണെന്ന് വരുത്തിതീർത്താൽ സൗദിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നതിൽ നിന്നും ഇറാനെതിരായ നീക്കങ്ങളിൽ നിന്നും പാകിസ്താന് ഒഴിഞ്ഞുമാറാം. “തങ്ങൾ ഒരു യുദ്ധത്തിന്റെ നടുവിലാണെന്ന്” ലോകത്തോട് വിളിച്ചുപറയാനുള്ള പാകിസ്താൻ്റെ തന്ത്രമാണിതെന്ന് ഭൗമരാഷ്ട്രീയ വിദഗ്ധൻ കിരൺ കുമാർ എസ് നിരീക്ഷിക്കുന്നു.

നേരത്തെ ചൈനയുടെ ഇടപെടലിലൂടെയാണ് അഫ്ഗാനും പാകിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതോടെ കുനാറിലെ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവ്വകലാശാലയ്ക്ക് നേരെയുണ്ടായ പാക് ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കം എൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സർവ്വകലാശാല ആക്രമിച്ചു എന്നത് പാകിസ്ഥാൻ നിഷേധിക്കുന്നുണ്ടെങ്കിലും അഫ്ഗാൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പുറത്തുവിട്ടു. സമാധാനത്തിന്റെ മുഖംമൂടി അണിഞ്ഞ പാകിസ്ഥാൻ, സ്വന്തം താൽപ്പര്യങ്ങൾക്കായി അയൽരാജ്യത്തെ വീണ്ടും രക്തക്കളമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!