ടെഹ്റാൻ : ഇറാൻ അതിർത്തിയിൽ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം. സൈനികരും ഭീകരരും അടക്കം 27 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താൻ്റെയും പാകിസ്താൻ്റെയും അതിർത്തിയായ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ ആണ് തീവ്രവാദി ആക്രമണം ഉണ്ടായത്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) ആസ്ഥാനത്തിന് നേരെയാണ് തീവ്രവാദ സംഘടനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 11 ഇറാനിയൻ സുരക്ഷാ സേനാംഗങ്ങൾ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഏറ്റുമുട്ടലിനെ തുടർന്ന് 16 ഭീകരരും കൊല്ലപ്പെട്ടു. സുന്നി ഭീകര സായുധ സംഘമായ ജെയ്‌ഷ് അൽ-അദ്‌ലാണ് ആക്രമണം നടത്തിയത്. 10 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചാബഹാറിലും റാസ്കിലുമുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് ആസ്ഥാനം പിടിച്ചെടുക്കുക എന്നതായിരുന്നു തീവ്രവാദ ഗ്രൂപ്പിന്റെ ലക്ഷ്യം എന്ന് ഇറാന്റെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി മജിദ് മിറഹ്മാദി വ്യക്തമാക്കി. എന്നാൽ ലക്ഷ്യം കൈവരിക്കുന്നതിൽ ഭീകരർ പരാജയപ്പെട്ടു എന്നും അദ്ദേഹം അറിയിച്ചു. 2012-ൽ രൂപീകരിച്ച ജെയ്‌ഷ് അൽ-അദ്‌ൽ ഇറാൻ ഒരു ഭീകര ഗ്രൂപ്പായി കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള സംഘടനയാണ്.
