പാലക്കാട് : പട്ടാമ്പിയിൽ വയോധികനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ വളപ്പിൽ ബഷീർ (68) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബഷീറിനെ വീട്ടുവളപ്പിൽ വീണുകിടക്കുന്ന നിലയിൽ സമീപവാസികൾ കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംസ്ഥാനത്ത് വേനൽച്ചൂട് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സൂര്യാതപമേറ്റാണോ മരണം സംഭവിച്ചതെന്ന സംശയം ശക്തമാണ്.
പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പകൽ സമയത്ത് വെയിലത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
