തുറമുഖ വകുപ്പിന്റെ അനാസ്ഥ:  18 ലക്ഷം  ചെലവഴിച്ച ചാനൽ ബോയകൾ ഉപയോഗശൂന്യം, പ്രതിഷേധം ശക്തമാക്കി സ്രാങ്ക് അസോസിയേഷൻ


ആലപ്പുഴ : തുറമുഖ വകുപ്പിൻ്റെ അനാസ്ഥയിൽ വെള്ളത്തിലൊഴുകിയത് പതിനെട്ട് ലക്ഷം. ബോട്ടുകളുടെ സുഗമമായ സഞ്ചാരത്തിനായി സംസ്ഥാന ജലഗതാഗത വകുപ്പ് സ്ഥാപിച്ച ചാനൽ ബോയകളെല്ലാം ഉപയോഗശൂന്യമായി.

മുഹമ്മ സ്റ്റേഷനിൽ നിന്നു ബോട്ട് സർവ്വിസ് നടത്തുന്ന മുഹമ്മ – കുമരകം ജലപാതയിൽ ബോയകൾ പുന:സ്ഥാപിക്കാത്തത് അപകടങ്ങൾ വരുത്തിവെക്കുമെന്നു സ്രാങ്ക് അസോസിയേഷൻ. മുഹമ്മ കുമരകം ജലപാതയിൽ തുറമുഖ വകുപ്പ് ഏതാണ്ട 18 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഏഴ് ബോയകൾ ഒഴുകി പോയിട്ട് 5 മാസമാകാൻ പോകുന്നു.

ഒഴുകി പോയ ബോയകൾ ജീവനക്കാർ മുഹമ്മ ബോട്ട് ജെട്ടിയിൽ പിടിച്ചു കെട്ടിയിട്ടിരിക്കുകയാണ്. ബോയകൾ പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്രാങ്ക് അസോസിയേഷൻ ഭാരവാഹികളുമായി ജില്ലാ ഫോർട്ട് ഓഫീസർ നടത്തിയ ചർച്ചയിൽ ബോയകൾ പുന:സ്ഥാപിക്കുമെന്നു ഉറപ്പ് നല്കിയിട്ട് മാസങ്ങൾ കഴിഞ്ഞു . എന്നാൽ നാളിതു വരെ ആയിട്ടും ബോയകൾ പുന:സ്ഥാപിക്കാൻ തുറമുഖ വകുപ്പ് അധികാരികൾ തയ്യാറായിട്ടില്ല.

പ്രതികൂല കാലാവസ്ഥ കടന്നു പോകുന്ന സമയമാണ്. ശക്തമായ മഴയത്തും, കാറ്റിലും ബോയകൾ ഇല്ലാത്തത് മൂലം ബോട്ടുകളുടെ ഗതിമാറും. ഇത് വലിയ ദുരന്തങ്ങൾ  ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

അടിയന്തിരമായി മുഹമ്മ കുമരകം ജലപാതയിൽ ബോയകൾ പുന:സ്ഥാപിക്കാൻ തുറമുഖ വകുപ്പ് തയ്യാറാകണമെന്നും,  അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന്  സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസവും മുഹമ്മ – കുമരകം പാതയിൽ യാത്രാ ബോട്ട് ഗതിമാറി സഞ്ചരിക്കുകയുണ്ടായി.

പ്രതിഷേധ യോഗത്തിൽ യൂണീറ്റ് പ്രസിഡൻറ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ചു. സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. യൂണീറ്റ് കമ്മറ്റി അംഗങ്ങളായ കെ കെ രാജേഷ്, സൂരജ് , സജി എച്ച്, കിഷോർ, സതീശൻ പെന്നാട്, അജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!