പെട്രോൾ അടിച്ച പണം ചോദിച്ചതിന് വനിതാ ജീവനക്കാരിക്ക് ക്രൂര മർദ്ദനം… യുവാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം പാലേമാട് പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം. ബൈക്കിൽ പെട്രോൾ അടിച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ പാലേമാട് സ്വദേശിനി റോസമ്മയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടക്കര പാലേമാടുള്ള പെട്രോൾ പമ്പിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബൈക്കിൽ പെട്രോൾ അടിക്കാനെത്തിയ യുവാവ്, ഇന്ധനം അടിച്ച ശേഷം പണം നൽകാതെ തട്ടിക്കയറുകയായിരുന്നു. പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റോസമ്മ പണം ആവശ്യപ്പെട്ടതോടെ ഇയാൾ അസഭ്യം പറയുകയും വാക്കേറ്റമുണ്ടാക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ യുവാവ് റോസമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനം നടന്ന ഉടനെ പമ്പിലെ മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചുമാറ്റിയത്. ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ റോസമ്മയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ എടക്കര പോലീസ് കേസെടുത്തു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!