മംഗലാപുരം മുതൽ കാർ നിരീക്ഷണത്തിൽ… മൂന്ന് കോടി രൂപയുടെ എംഡിഎംഎ പിടികൂടി… ഇൻഫ്ളുവൻസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപത്ത് വെച്ച് മൂന്ന് കോടി രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ കോഴിക്കോട് എക്സൈസ് പിടികൂടി. സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ (20) എന്നിവരാണ് പിടിയിലായത്.

ക്രിസ്റ്റൽ രൂപത്തിലുള്ള 3 കിലോ 300 ഗ്രാം എംഡിഎംഎയും 56 ഗ്രാം എംഡിഎംഎ പിൽസുമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. രാജസ്ഥാനിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. കാറോടിച്ച് രാജസ്ഥാനിലേക്ക് പോയ ഷഫീക്ക്, കാറിന്റെ ബോണറ്റിനുള്ളിൽ അതീവ രഹസ്യമായാണ് ലഹരി ഒളിപ്പിച്ചത്. മംഗലാപുരത്ത് വെച്ചാണ് ഫാത്തിമ നസ്രീൻ കാറിൽ കയറുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ഫാത്തിമയ്ക്ക് ലഹരി കടത്തിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം മുതൽ എക്സൈസ് സംഘം ഈ വാഹനത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. പന്തീരാങ്കാവ് ചെക്ക് പോസ്റ്റിലെത്തിയതോടെ വാഹനം വളയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പിടിയിലായ ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന വിദ്യാർത്ഥിനിയാണ്. കേരളത്തിലേക്ക് ഇത്രയധികം ലഹരിമരുന്ന് എത്തിച്ചത് ആർക്ക് വേണ്ടിയാണെന്നും ഇതിന് പിന്നിൽ വലിയ ലഹരി മാഫിയകൾ ഉണ്ടോ എന്നും എക്സൈസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!