മുംബൈ: ഐപിഎല്ലിൽ നാളെ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടത്തിൽ സൂപ്പർ താരം എം എസ് ധോനി കളിച്ചേക്കും. പരിക്കിൽ നിന്ന് താരം പൂർണമായി മുക്തമായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ടീമിൽ സഞ്ജു സാംസന് പുതിയ റോൾ ആകും ടീമിൽ ഉണ്ടാകുക.
വാംഖഡെ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന മത്സരത്തിൽ ധോനി വിക്കറ്റ് കീപ്പറായാകും കളത്തിലിറങ്ങുക. ഇതോടെ സഞ്ജു ഫീൽഡർ റോളിലേക്ക് മാറും. പരിക്കുമൂലം സീസണിലെ ആദ്യ 6 മത്സരങ്ങൾ ധോനിക്ക് നഷ്ടമായിരുന്നു. ടീം മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന സാഹചര്യത്തിൽ ‘തല’യുടെ വരവ് ഗുണകരമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ധോനി കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. മാറ്റ് ഹെൻറി, ജാമി ഓവർട്ടൺ തുടങ്ങിയ ഫാസ്റ്റ് ബൗളർമാരെ നേരിട്ടാണ് താരം ബാറ്റിങ് പരിശീലനം നടത്തിയത്. ഒപ്പം കീപ്പിങ് ഗ്ലൗസ് അണിഞ്ഞ് പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് നാളത്തെ മത്സരത്തിൽ ധോനി ഇറങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
