ചെന്നൈ : രാജസ്ഥാന്‍ റോയല്‍സിന്റെ വഴിയെ തോറ്റ് തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അവര്‍ സ്വന്തം തട്ടകത്തില്‍ 5 വിക്കറ്റിന്റെ പരാജയം അറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.5 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ടായി. എസ്ആര്‍എച്18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് കണ്ടെത്തിയാണ് ജയ വഴിയിലെത്തിയത്.
അവരുടെ മൂന്നാം ജയമാണിത്. പ്ലേ ഓഫിലേക്കുള്ള നേരിയ പ്രതീക്ഷയും അവര്‍ നിലനിര്‍ത്തി. ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു.
കഴിഞ്ഞ കളിയില്‍ ഇല്ലാത്ത ഔട്ടുമായി പവലിയനിലേക്ക് മടങ്ങിയ ഇഷാന്‍ കിഷനാണ് ഇത്തവണ ഹൈദരാബാദിന്റെ ഹീറോ ആയത്. താരം 34 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
കാമിന്ദു മെന്‍ഡിസ് 22 പന്തില്‍ 32 റണ്‍സുമായും നിതീഷ് കുമാര്‍ റെഡ്ഡി 13 പന്തില്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാന്‍ രണ്ടാം പന്തില്‍ മടങ്ങി. ട്രാവിസ് ഹെഡ് 19 റണ്‍സിലും കൂടാരം കയറി.
നൂര്‍ അഹമദ് 2 വിക്കറ്റെടുത്തു. ഖലീല്‍ അഹമദ്, അന്‍ഷുല്‍ കാംബോജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ഹര്‍ഷല്‍ പട്ടേലിന്റെ മാരക പേസാണ് ചെന്നൈയുടെ അടിത്തറ ഇളക്കിയത്. താരം 4 വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കായി സീസണില്‍ ആദ്യമായി കളിക്കാന്‍ ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസാണ് തിളങ്ങിയത്. താരം 4 സിക്‌സും ഒരു ഫോറും സഹിതം 25 പന്തില്‍ 42 റണ്‍സെടുത്തു. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു. സീസണ്‍ തുടങ്ങിയ ശേഷം പകരക്കാരായാണ് ഇരുവരും ചെന്നൈ ടീമിലെത്തിയത് എന്നതും ശ്രദ്ധേയമായി.
ദീപക് ഹൂഡയാണ് തിളങ്ങിയ മറ്റൊരാള്‍. താരം 22 റണ്‍സെടുത്തു. ധോനി 6 റണ്‍സുമായി മടങ്ങി.
ജയദേവ് ഉനദ്കട്, പാറ്റ് കമ്മിന്‍സ് എന്നിവരും മികവോടെ പന്തെറിഞ്ഞു. ഇരുവരും 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമി, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
