ഹരിപ്പാട് ഉത്സവത്തിനിടെ തെരുവുനായയുടെ വിളയാട്ടം; ഒമ്പത് പേർക്ക് കടിയേറ്റു

ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനെത്തിയവർക്ക് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം. ഉത്സവത്തിരക്കിനിടയിൽ ദേശീയപാതയിൽ തെക്കേനടക്ക് സമീപം നിന്ന ഒമ്പത് പേരെയാണ് നായ ഓടിച്ചിട്ട് കടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

സജിത് (41), രാഹുൽ (41), പാർത്ഥീവ് കൃഷ്ണൻ (17), ശിവദാസൻ (58), ഹരി (57), പ്രതാപ് (41), ഇജാസ് (37), കണ്ണൻ (59), പരമേശ്വരൻ പിള്ള (61) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സ തേടി. കടിച്ച നായയെ കണ്ടെത്താൻ കഴിയാത്തത് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. 

ഹരിപ്പാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്, റവന്യൂ ടവർ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെല്ലാം നായകൾ കൂട്ടമായി വിഹരിക്കുകയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!