കാക്കനാട് വനിതാ ജയിലിൽ ഭക്ഷണത്തെച്ചൊല്ലി പോര്…കെനിയൻ യുവതി സഹതടവുകാരിയെ മർദ്ദിച്ചു…

കൊച്ചി: കാക്കനാട് വനിതാ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. റിമാൻഡ് തടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ സഹതടവുകാരിയായ കെനിയൻ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. മർദ്ദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ജയിലിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. വിളമ്പുന്നതിനെച്ചൊല്ലി അക്കിനിയും നാഫിലയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കം മുറുകിയതോടെ അക്കിനി ഒന്യാങ്ങോ നാഫിലയുടെ കഴുത്തിന് പിടിച്ചു തള്ളുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഘർഷം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും മാറ്റുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. പരിക്കേറ്റ നാഫിലയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പാസ്‌പോർട്ട് നിയമലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് കെനിയൻ സ്വദേശിനി അക്കിനി ഒന്യാങ്ങോ നിലവിൽ ജയിലിൽ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!