പാലായില്‍ തീപാറും പോരാട്ടം; കളം നിറഞ്ഞ് മൂന്ന് മുന്നണികളും…

കോട്ടയം : പാലാ ആര് ഉറപ്പിക്കും, പ്രവചനാതീതമായ തെരഞ്ഞെടുപ്പ് പോരാട്ടം ആണ് ഇവിടെ നടക്കുന്നത്.  22 ദിനങ്ങൾ പിന്നിട്ട പരസ്യപ്രചരണത്തിന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പൂർണ്ണതയിൽ എത്തും.

സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പൻ യുഡിഎഫിന്റെയും കേരള കോൺഗ്രസ്-എം ചെയർമാൻ കൂടിയായ ജോസ് കെ. മാണി എൽഡിഎഫിന്റെയും ഷോൺ ജോർജ് എൻഡിഎയുടെയും സ്ഥാനാർഥികളായതോടെ തുടക്കം മുതലേ പാലായിൽ ശക്തമായ ത്രികോണ പോരാട്ടമായിരുന്നു.

കഴിഞ്ഞ അഞ്ചു വർഷം നടത്തിയ വികസനപ്രവർത്തനങ്ങളും മണ്ഡലത്തിലുടനീടമുള്ള വ്യക്തിബന്ധങ്ങളും ഇത്തവണയും നേട്ടമാകുമെന്നാണ് മാണി സി. കാപ്പന്റെ വിശ്വാസം.

കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം ഇത്തവണ ഉറപ്പായും തിരികെ പിടിക്കുമെന്നും പാലായുടെ പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുമെന്നുമാണ് ജോസ് കെ. മാണിയുടെ ആത്മവിശ്വാസം.

തെരഞ്ഞെടുപ്പിനും വളരെ നേരത്തെ മണ്ഡലത്തിൽ സജീവമായ സ്ഥാനാർഥിയാണ് എൻഡിഎയുടെ ഷോൺ ജോർജ്. മണ്ഡലത്തിലുള്ള ബന്ധങ്ങളും പഴയ പൂഞ്ഞാർ മണ്ഡലത്തിന്റെ ഭാഗവും ജില്ലാ പഞ്ചായത്തംഗമായി പ്രവർത്തിച്ച പഞ്ചായത്തുകളിലെ വോട്ടുകളും ഷോണിന്റെ പ്രതീക്ഷയാണ്. നിയമസഭയിലേക്കുള്ള ഷോണിൻ്റെ കന്നി മത്സരം കൂടിയാണ്. അത് വിജയം കാണുമെന്ന ശുഭാപ്തി വിശ്വാസം ആണ് എൻഡിഎ ക്യാമ്പിനുള്ളത്.

ഷോൺ ജോർജ് പിടിക്കുന്ന വോട്ടാണു പാലായിലെ വിജയം നിർണയിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംസാരം. മൂന്നു സ്ഥാനാർഥികളും തുടക്കം മുതൽ വാശിയേറിയതും ആവേശഭരിതവുമായ പ്രചാരണമാണ് നടത്തിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!