അബുദാബി: ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം. പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ സ്വദേശികളാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മിസൈൽ ആവശിഷ്ടങ്ങൾ വീണതിനെ തുടർന്നു ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ യുഎഇയിൽ ആകെ പരിക്കു പറ്റിയവരുടെ എണ്ണം 203 ആയി ഉയർന്നു.
അതിനിടെ ആക്രമണത്തിന് എത്തിയ യുഎസ് യുദ്ധ വിമാനം വെടിവച്ചിട്ടതായി ഇറാന്‍ വ്യക്തമാക്കി. എഫ് 35 വിഭാഗത്തില്‍പ്പെട്ട യുദ്ധ വിമാനം വെടിവച്ചിട്ടെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിമാനത്തിലെ പൈലറ്റിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമാണ്. തകര്‍ന്ന വിമാനത്തില്‍ നിന്നും പൈലറ്റ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇറാന്റെ സ്റ്റേറ്റ്, അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നല്‍കുന്ന വിവരം. എന്നാല്‍ പൈലറ്റിനെ ഇറാന്‍ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
എന്നാല്‍ ഇറാന്‍ വെടിവച്ചിട്ടത് എഫ് 15 ഇ വിമാനമായിരുന്നു എന്നാണ് തുര്‍ക്കി വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെടുന്നത്. നേരത്തെ, മാര്‍ച്ച് 19 നും യുഎസ് യുദ്ധ വിമാനം വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
