വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ച വഴിമുട്ടി. പാകിസ്താനിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറിയതോടെയാണ് സമാധാന ശ്രമങ്ങൾ വഴിമുട്ടിയത്. ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറിയതായും, ഭാവിയിൽ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് പ്രതിനിധികളെ അയയ്ക്കാൻ താൽപര്യമില്ലെന്ന നിലപാട് അറിയിച്ചതായും വിവരം.
അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ടെഹ്റാൻ. പ്രത്യേകിച്ച് ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയും സംബന്ധിച്ച വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കകാരണമായി തുടരുന്നു. ഈ കടലിടുക്ക് പൂർണ്ണമായി തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന നിലപാട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാൻ.
ഇതിനിടെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുകയാണ്. അമേരിക്കയുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു. ഒരു എഫ്-15ഇയും ഒരു എഫ്-35 യുദ്ധവിമാനവും തകർത്തുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനിടെ വിമാനങ്ങൾ തകരുന്നതിന് മുമ്പ് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായി സൂചനകളുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ഇറാൻ സൈന്യവും പ്രാദേശികരും തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
